കര്‍ണാടക ധര്‍മ്മസ്ഥലയിലേ ദുരൂഹ മരണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയുമുണ്ടെന്ന് സ്ഥിരീകരിച്ചു. എണ്‍പത് കാലഘട്ടത്തില്‍ പ്രദേശത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ പെണ്‍കുട്ടിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. 1986 ഡിസംബര്‍ 22നാണ് കോളേജില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥിയായ പത്മലതയെ കാണാതായത്. പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ കാരണമായത് പിതാവ് ദേവാനന്ദനോടുള്ള വ്യക്തി വൈരാഗ്യമായിരുന്നു. അന്നത്തെ രാഷ്ട്രീയത്തിന്റെ ചുറ്റുപാടില്‍ പത്മയുയെ തട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു.
പിന്‍വലിച്ചിട്ടും മകളെ വിട്ടു നല്കിയില്ല. ദിവസങ്ങള്‍ക്ക് ശേഷം നേത്രാവതി പുഴയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി. കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആരെയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല.
ഇതുപോലെ നിരവധിപേര്‍ പല കാരണങ്ങളാല്‍ കൊല്ലപ്പെടുകയും, കാണാതാവുകയും ചെയ്തിട്ടുണ്ട്. കണ്ടെത്തിയ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനാവാത്തതും ആത്മഹത്യയാണെന്നും വരുത്തി തീര്‍ക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്.
ഇതിനിടയിലാണ് ധര്‍മ്മസ്ഥല ക്ഷേത്രവുമായി ബന്ധപ്പെട്ട ശുചീകരണ തൊഴിലാളിയുടെ സുപ്രധാന വെളിപ്പെടുത്തല്‍ ഉണ്ടായത്. നൂറിലധികം സ്ത്രീകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായി എന്നാണ് വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ 1980 മുതല്‍ 2014 വരെ പ്രദേശത്തുനിന്ന് കാണാതാവുകയും കൊല്ലപ്പെട്ടതും, ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്ന ആളുകളുടെ തിരോധാനത്തിന് ഉത്തരം കണ്ടെത്താനാവും. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അസ്വാഭാവിക മരണങ്ങളില്‍ കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കുഴിച്ചിട്ട മൃഗങ്ങള്‍ പുറത്തെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇരകളുടെ കുടുംബം ആവശ്യപ്പെട്ടു.