കോഴിക്കോട് തടമ്പാട്ടുതാഴത്ത് രണ്ട് സഹോദരിമാരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വാടകവീട്ടിൽ താമസിച്ചിരുന്ന ശ്രീജ , പുഷ്പലത എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സഹോദരൻ പ്രമോദിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഇന്നലെ പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. സഹോദരിമാരിൽ ഒരാൾ മരിച്ചുവെന്ന് പ്രമോദ് ബന്ധുക്കളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, ഈ സമയം പ്രമോദ് സ്ഥലത്തുണ്ടായിരുന്നില്ല.
കഴിഞ്ഞ മൂന്ന് വർഷമായി ഇവർ ഈ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. മൂന്നുപേർക്കും ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ശ്രീജയ്ക്ക് പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇരുവരെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രമോദിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവസാനമായി ടവർ ലൊക്കേഷൻ കാണിച്ചത് ഫറോക്ക് പഴയ പാലത്തിന് സമീപമാണ്. ഫോൺ പുഴയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചും മറ്റു ബന്ധുവീടുകളിലും പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.
സഹോദരങ്ങൾക്ക് പുറംലോകവുമായി വലിയ ബന്ധമില്ലാതിരുന്നതിനാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ആരോഗ്യപ്രശ്നങ്ങളെത്തുടർന്നുള്ള മാനസിക സംഘർഷമാകാം ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. പ്രമോദിനെ കണ്ടെത്തിയാൽ മാത്രമേ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ. ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.