Share this Article
Union Budget
ഹേമചന്ദ്രനെ കൊന്നത് ബത്തേരിയിലെ പെൺ സുഹൃത്തിന്റെ വീട്ടിൽ വെച്ചെന്ന് പ്രതികൾ
Hemachandran Murder

സുല്‍ത്താന്‍ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് മുഖ്യപ്രതിയുടെ പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ചെന്ന് പ്രതികളുടെ കുറ്റസമ്മതം. കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന ജ്യോതിഷ് കുമാര്‍, ബി.എസ്.അജേഷ് എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇക്കാര്യം സമ്മതിച്ചത്. അതിനിടെ ഊട്ടിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഹേമചന്ദ്രന്റെ മൃതദേഹം ഡി.എന്‍.എ പരിശോധന ഫലം വന്നതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.


ഒന്നേകാല്‍ വര്‍ഷം മുന്‍പ് കോഴിക്കോട് നിന്നും വിളിച്ചുവരുത്തി  മുഖ്യപ്രതിയായ നൗഷാദിന്റെ പെണ്‍സുഹൃത്തിന്റെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയിട്ടുള്ളത്. വിവിധ ഇടപാടുകളുമായി ബന്ധപ്പെട്ട് പലര്‍ക്കും 20 ലക്ഷത്തോളം രൂപ നല്‍കാനുണ്ടായിരുന്ന ഹേമചന്ദ്രനെ പണം തിരികെ ചോദിച്ചു മര്‍ദ്ദിച്ചപ്പോള്‍ കൊല്ലപ്പെട്ടു എന്നാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.

 ആള്‍താമസം ഇല്ലാത്തതിനാലാണ് മര്‍ദ്ദിക്കാനും കൊലയ്ക്കുമായി  ബീനാച്ചിയിലെ വീട് തന്നെ തെരഞ്ഞെടുത്തത് എന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. മുഖ്യപ്രതി നൗഷാദ് ഗള്‍ഫിലാണ്. അതുകൊണ്ടുതന്നെ ഇയാളെ പിടികൂടാന്‍ ലുക്കൗട്ട് സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. സ്ത്രീകള്‍ അടക്കം കൂടുതല്‍ പ്രതികള്‍ കേസില്‍ ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

അതിനിടെ തമിഴ്‌നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി കാപ്പിക്കാട്ടെ വനത്തില്‍ നിന്ന് ഇന്നലെ കണ്ടെടുത്ത മൃതദേഹം ഊട്ടി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി. ഡിഎന്‍എ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. മൃതദേഹം പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് എത്തിച്ചു. ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories