ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ മർദ്ദിച്ച കേസിൽ അഭിഭാഷകൻ ബെയിലിൽ ദാസിനെതിരെ വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മെയ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലിയിൽ നിന്ന് നേരത്തെ പോകാനുള്ള അനുവാദം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ബെയിലിൽ ദാസ് ശ്യാമിലിയുടെ മുഖത്തടിച്ചെന്നാണ് പരാതി. സംഭവം വിവാദമായതോടെ ബെയിലിൽ ദാസ് ഒളിവിൽ പോയിരുന്നു. പിന്നീട് മൂന്ന് ദിവസത്തിന് ശേഷമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്യാമിലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ശ്യാമിലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവിൽ ശ്യാമിലി സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചിട്ടുണ്ട്. അഭിഭാഷക സമൂഹത്തിനിടയിൽ വലിയ ചർച്ചയായ സംഭവത്തിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.