കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി വിജിലിന്റെ കൊലപാതക കേസിൽ രണ്ടാം പ്രതി രഞ്ജിത്തിനെ ഇന്ന് രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും. എലത്തൂർ ഇൻസ്പെക്ടറും മറ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് പാലക്കാട്ടുവെച്ച് രഞ്ജിത്തിനെ പിടികൂടിയത്. രഞ്ജിത്തിനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അപേക്ഷയും കോടതിയിൽ നൽകും. കൂട്ടുപ്രതികളായ നിഖിലിനെയും ദീപേഷിനെയും കസ്റ്റഡിയിൽ വിട്ടു കിട്ടാനുള്ള അപേക്ഷയും ഇതിനോടൊപ്പം നൽകിയിട്ടുണ്ട്.
സരോവരം ബയോപാർക്കിന് സമീപമുള്ള ചതുപ്പിൽ നിന്ന് വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങളും, ശരീരം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലുകളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടർന്നാണ് വിജിൽ മരിച്ചതെന്നും, മൃതദേഹം ഒളിപ്പിച്ചുവെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി സരോവരത്ത് കൂടുതൽ തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം. മർദ്ദനമേറ്റ മറ്റൊരു യുവാവിന്റെ മൊഴിയും ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. വിജിലിനെ മർദ്ദിക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന രശ്മി എന്ന ആലപ്പുഴ സ്വദേശിയുടെ ഫോണിൽ നിന്ന് അഞ്ച് വീഡിയോ ക്ലിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഡി.എൻ.എ പരിശോധനയിലൂടെ മൃതദേഹം വിജിലിന്റേതാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.