ചേർത്തലയിൽ മൂന്ന് സ്ത്രീകളെ കാണാതായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ക്രൈംബ്രാഞ്ച് സംഘം പ്രതിയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് കൂടുതൽ അസ്ഥിക്കഷണങ്ങൾ ലഭിച്ചത്. ഇതോടെ കേസിൽ ദുരൂഹത വർധിക്കുകയാണ്.
നേരത്തെ ഇതേ പറമ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുനിന്നുതന്നെയാണ് പുതിയ അവശിഷ്ടങ്ങളും ലഭിച്ചിരിക്കുന്നത്. ജെസിബി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കൈയുടെ വലുപ്പമുള്ള അസ്ഥിഭാഗം കണ്ടെത്തിയത്. തുടർന്നും കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
രണ്ടേക്കറോളം വരുന്ന പുരയിടം കാടുപിടിച്ച് കിടക്കുന്നതും ചതുപ്പ് നിറഞ്ഞതുമാണ്. ഇവിടെയുള്ള കുളങ്ങൾ വറ്റിച്ചും കൂടുതൽ സ്ഥലങ്ങളിൽ മണ്ണ് നീക്കിയും പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കണ്ടെടുത്ത അവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. നേരത്തെ ലഭിച്ച അസ്ഥിക്കഷണങ്ങളുടെ ഫലം പുറത്തുവരാനിരിക്കെയാണ് പുതിയ കണ്ടെത്തൽ.
2006 മുതൽ 2024 വരെയുള്ള കാലയളവിൽ കാണാതായ ജൈനമ്മ, ബിന്ദു, ഐഷ എന്നീ മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെതിരെ അന്വേഷണം നടക്കുന്നത്. പ്രതിയായ സെബാസ്റ്റ്യൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കുന്നത് കേസിൽ നിർണായക തെളിവാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.