വാളയാറിൽ ചത്തീസ്ഗഡ് സ്വദേശി രാം നാരായണനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി പൊലീസ്. എസ്.സി/എസ്.ടി അതിക്രമം തടയൽ നിയമം, ആൾക്കൂട്ട കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെ പൊലീസ് പുതുതായി കസ്റ്റഡിയിലെടുത്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
മർദ്ദനമേറ്റ രാം നാരായണന്റെ ശരീരത്തിൽ 40-ലധികം മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. വടി കൊണ്ടുള്ള അടിയും തൊഴിയുമേറ്റതിനെത്തുടർന്ന് രക്തം ഛർദ്ദിച്ചാണ് ഇയാൾ മരിച്ചതെന്നാണ് നിഗമനം. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) അറിയിച്ചു. പ്രതികളിൽ ചിലർ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചനയുണ്ട്. കൊല്ലപ്പെട്ട രാം നാരായണന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നെടുമ്പാശ്ശേരി വിമാനത്താവളം വഴി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.