പടന്നക്കാട് പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് ഹോസ്ദുർഗ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കുറ്റിക്കോൽ സ്വദേശിയും കേസിലെ ഒന്നാം പ്രതിയുമായ പി.എ. സലീമിന് ഇരട്ട ജീവപര്യന്തവും മരണം വരെ തടവും ശിക്ഷ വിധിച്ചു.
വിവിധ വകുപ്പുകളിലായാണ് കോടതി ശിക്ഷ വിധിച്ചത്. മരണം വരെ തടവ് അനുഭവിക്കണമെന്നതിനാൽ പ്രതിക്ക് പരോളിന് അർഹതയുണ്ടായിരിക്കില്ല. പ്രതി സ്ഥിരം കുറ്റവാളിയാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി, പ്രതിക്ക് ശിക്ഷയിൽ ഇളവ് നൽകണമെന്ന പ്രതിഭാഗത്തിൻ്റെ വാദം തള്ളി.
2024 മെയ് 14-ന് രാത്രി വീട്ടിൽ മുത്തച്ഛനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെയാണ് സലീം തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. കേസിൽ പ്രതിയായ സലീമിൻ്റെ സഹോദരിക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. കുട്ടിയുടെ കമ്മൽ വിൽക്കാൻ സഹായിച്ചതിനാണ് ഇവർക്ക് മൂന്ന് വർഷം കഠിനതടവും 1000 രൂപ പിഴയും വിധിച്ചത്. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച കേസിൽ അതിവേഗം വിചാരണ പൂർത്തിയാക്കിയാണ് കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്.