കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിലെ കോടതി വിധി മെയ് എട്ടിന് പറയാനായി മാറ്റി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 2017 ഏപ്രിൽ അഞ്ചിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേദൽ ജിൻസൻ രാജ കൊലപ്പെടുത്തിയത്. അച്ഛനോടും കുടുംബാംഗളോടുമുള്ള അടങ്ങാത്ത പക കാരണമാണ് കേദൽ നാലു പേരെ കൊന്ന് ചുട്ടെരിച്ചതെന്നാണ് പൊലീസ് കേസ്. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാരുടെ സംഘം റിപ്പോർട്ട് നൽകിയതോടെയാണ് വിചാരണ തുടങ്ങിയത്. കൂട്ടകൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് നാടിനെ നടുക്കിയ സംഭവത്തിൽ വിധി വരുന്നത്.