ഏറെ കോളിളക്കം സൃഷ്ടിച്ച ധർമ്മസ്ഥല കൊലപാതക ആരോപണ കേസിൽ, മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇന്നും പരിശോധന നടത്തും. റവന്യൂ, വനം വകുപ്പുകളുടെ സഹായത്തോടെയാണ് ബെൽത്തങ്ങടിയിലെ ബംഗ്ലഗുഡ്ഡെ എന്ന സ്ഥലത്ത് പരിശോധന പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ ഏഴോളം മനുഷ്യാസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് കേസിൽ ദുരൂഹത വർധിച്ചത്.
ഒരു പ്രധാന സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഈ പ്രദേശത്ത് ഖനനം നടത്തി പരിശോധന നടത്തുന്നത്. ഇന്നലെ കണ്ടെത്തിയ അസ്ഥികൂടങ്ങളിൽ സ്ത്രീകളുടേയും കുട്ടികളുടേയും ഉൾപ്പെടുന്നുണ്ടെന്ന് അനൗദ്യോഗിക വിവരങ്ങളുണ്ട്. ഇവ വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. കണ്ടെടുത്ത അസ്ഥികൂടങ്ങൾക്ക് സമീപത്തുനിന്നും സാരിയുടെ ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.
കുട്ടികളുടേതെന്ന് സംശയിക്കുന്ന ചെറിയ തലയോട്ടികളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. കേസിൽ നിർണായക വിവരങ്ങൾ നൽകിയ ശുചീകരണ തൊഴിലാളി നിലവിൽ എസ്.ഐ.ടി കസ്റ്റഡിയിലാണ്. ഇയാളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സാക്ഷിമൊഴികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതിയും നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഊർജ്ജിതമായ പരിശോധനകൾ നടക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെ അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധനകൾ പുനരാരംഭിക്കും. കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.