ഊന്നുകല്ലിൽ ആളൊഴിഞ്ഞ വീടിന്റെ മാലിന്യ ടാങ്കിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ കൊലപാതകിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ടത് ശാന്തിയാണെന്നും പ്രതി ഇവരുടെ അടുത്ത സുഹൃത്തും അടിമാലി സ്വദേശിയുമായ രാജേഷ് ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഒളിവിൽപ്പോയ രാജേഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ശാന്തിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ പൊലീസിന് ലഭിച്ചത്. ഇരുവരും ഏറെക്കാലമായി സൗഹൃദത്തിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ദേശീയപാതയോരത്ത് മൃഗാശുപത്രിക്ക് സമീപം ആളൊഴിഞ്ഞ വീടിന്റെ അടുക്കള ഭാഗത്തുള്ള മാലിന്യ ടാങ്കിന്റെ ഓടയിൽ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തിയത്. പൂർണമായും അഴുകിത്തുടങ്ങിയതിനാൽ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലും ഡിഎൻഎ പരിശോധനയിലുമാണ് മൃതദേഹം ശാന്തിയുടേതാണെന്ന് സ്ഥിരീകരിച്ചത്.