നെന്മാറ തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസിയും ബോയൻ കോളനി സ്വദേശിയുമായ ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് അഡീഷണൽ ജില്ലാ കോടതി കണ്ടെത്തി. ശിക്ഷ ഈ മാസം 16-ന് വിധിക്കും. 2019 ഓഗസ്റ്റ് 31-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
സജിത വധക്കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയ ചെന്താമര, പിന്നീട് സജിതയുടെ ഭർത്താവ് സുധാകരനെയും (55) അമ്മ ലക്ഷ്മിയെയും (75) 2025 ജനുവരി 27-ന് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ ഇരട്ടക്കൊലപാതക കേസിൽ നിലവിൽ റിമാൻഡിലാണ് ഇയാൾ.
നിർണായകമായത് ശാസ്ത്രീയ തെളിവുകൾ
കേസിലെ പ്രധാന സാക്ഷിയായ പുഷ്പയെ പ്രതി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് അവർ തമിഴ്‌നാട്ടിലേക്ക് നാടുവിട്ടുപോയത് വിചാരണഘട്ടത്തിൽ വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണായകമായി.
കേസിൽ ആകെ 68 സാക്ഷികളാണുണ്ടായിരുന്നത്. പ്രതിയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ എന്നിവരുൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചത്.
2020-ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ, ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷം 2025 ഓഗസ്റ്റ് 4-നാണ് സാക്ഷിവിസ്താരം ആരംഭിച്ചത്. മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതിയുടെ വിധി. വിചാരണയ്ക്കിടെ കോടതി വളപ്പിൽ വെച്ചും ചെന്താമര ഭീഷണി മുഴക്കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാറാണ് ഹാജരായത്. പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷിക്കുന്നത്.