ചേർത്തലയിലെ തിരോധാനക്കേസുകളിൽ നിർണായക വഴിത്തിരിവ്. ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതി സെബാസ്റ്റ്യന്റെ ഭാര്യവീട്ടിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് നിർണായക തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ ഉൾപ്പെടെയുള്ളവ കണ്ടെടുത്തത്.
പ്രതി സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് കത്തി, ചുറ്റിക, ഒരു ഡീസൽ ക്യാൻ, ഒരു പേഴ്‌സ് എന്നിവ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. ഡീസൽ വാങ്ങുന്നതിനാണ് ക്യാൻ ഉപയോഗിച്ചതെന്ന് സെബാസ്റ്റ്യൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ മറ്റ് ആയുധങ്ങൾ എന്തിനാണ് കാറിൽ സൂക്ഷിച്ചത് എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകിയിട്ടില്ല.
കോട്ടയം ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. തുടക്കത്തിൽ അന്വേഷണവുമായി സഹകരിക്കാതിരുന്ന സെബാസ്റ്റ്യൻ, പുതിയ തെളിവുകൾ ലഭിച്ചതോടെ ഭാഗികമായി സഹകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്നലെ അവസാനിച്ച പ്രതിയുടെ കസ്റ്റഡി കാലാവധി, പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ഏഴ് ദിവസത്തേക്ക് കൂടി നീട്ടി നൽകി. ഈ ദിവസങ്ങളിൽ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
കണ്ടെത്തിയ പേഴ്‌സ് ആരുടേതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. നിലവിൽ ജൈനമ്മയുടെ തിരോധാനക്കേസിലാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ആലപ്പുഴയിലെ മറ്റ് സ്ത്രീകളുടെ തിരോധാനവുമായി ഈ കേസിന് ബന്ധമുണ്ടോയെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.