Share this Article
News Malayalam 24x7
ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവ് സതീഷിന് ഇടക്കാല ജാമ്യം
Athulya's Death in Sharjah

ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച തിരുവനന്തപുരം വലിയതുറ സ്വദേശിനി അതുല്യയുടെ ഭർത്താവ് സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് വലിയതുറ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ,പൊലീസ് സ്റ്റേഷനിലെത്തിച്ചതിന് തൊട്ടുപിന്നാലെ, കൊല്ലം സെഷൻസ് കോടതി അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യത്തിൽ ഇയാളെ വിട്ടയച്ചു.


ദുബായിൽ നിന്നുള്ള വിമാനത്തിൽ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും വലിയതുറ പൊലീസിന് കൈമാറുകയുമായിരുന്നു. എന്നാൽ, സതീഷ് നാട്ടിലേക്ക് വരുന്നതിന് മുൻപ് തന്നെ അഭിഭാഷകർ മുഖേന കൊല്ലം സെഷൻസ് കോടതിയിൽ നിന്ന് ഇടക്കാല മുൻകൂർ ജാമ്യം നേടിയിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്താൽ രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആൾജാമ്യത്തിലും വിട്ടയക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഈ ഉത്തരവുമായി അഭിഭാഷകർ സ്റ്റേഷനിലെത്തിയതോടെയാണ് സതീഷിനെ വിട്ടയച്ചത്.


അതുല്യയുടെ മരണം തൂങ്ങിമരണമാണെന്ന ഷാർജ പൊലീസിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് സതീഷ് കോടതിയെ സമീപിച്ചത്. ഈ റിപ്പോർട്ടിൽ തനിക്കെതിരെ മറ്റ് ആരോപണങ്ങളില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.


അതേസമയം, അതുല്യയുടേത് കൊലപാതകമാണെന്നും ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്നും ആരോപിച്ച് യുവതിയുടെ കുടുംബം പത്തനംതിട്ട ക്രൈംബ്രാഞ്ചിന് പരാതി നൽകിയിരുന്നു. സതീഷ് അതുല്യയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും മുഖത്ത് പരിക്കേറ്റ നിലയിലുള്ള ചിത്രങ്ങളും കുടുംബം പുറത്തുവിട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്.


നിലവിൽ വലിയതുറ പൊലീസ് സ്റ്റേഷനിലുള്ള സതീഷിനെ, കേസ് അന്വേഷിക്കുന്ന പത്തനംതിട്ട ക്രൈംബ്രാഞ്ച് സംഘം ഉടൻ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് കോടതിയുടെ ജാമ്യവ്യവസ്ഥകൾ പാലിച്ച് വിട്ടയക്കാനാണ് സാധ്യത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories