വെസ്റ്റ്ഹിൽ വിജിൽ കൊലപാതകക്കേസിൽ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ സരോവരത്ത് പുനരാരംഭിച്ചു. കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ചാണ് തെരച്ചിൽ നടത്തുന്നത്. വിജിലിന്റേതെന്ന് കരുതുന്ന ഒരു ഷൂ കഴിഞ്ഞ ദിവസം ചതുപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു.
ഒന്നര വർഷം മുൻപ് കാണാതായ വിജിലിന്റെ തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് മൃതദേഹം കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയത്. ഒന്നാം പ്രതി നിഖിൽ, മൂന്നാം പ്രതി ദീപേഷ് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ അവസാനിക്കും. ഇതിനിടെ, കഴിഞ്ഞ ദിവസം സരോവരത്തിലെ തണ്ണീർതടത്തിൽ നിന്ന് കണ്ടെത്തിയ ഷൂ വിജിലിന്റേതാണെന്ന് പ്രതികൾ സമ്മതിച്ചു. ഇത് പൊലീസിന് കേസിൽ ലഭിച്ച നിർണായക തെളിവാണ്.
പ്രതികളുടെ മൊഴി സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധന നടത്തും. മൃതദേഹം കുഴിച്ചിട്ടെന്ന് പറയുന്ന സരോവരത്തെ ചതുപ്പ് നിറഞ്ഞ പ്രദേശത്താണ് നിലവിൽ തെരച്ചിൽ നടക്കുന്നത്. തുടർച്ചയായ മഴയും ചെളി നിറഞ്ഞ സാഹചര്യവും തെരച്ചിലിന് തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണെടുത്ത് താൽക്കാലിക പാതയൊരുക്കിയാണ് പൊലീസ് സംഘം ഇപ്പോൾ തിരച്ചിൽ നടത്തുന്നത്.
എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ രണ്ടാം പ്രതിയായ പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായുള്ള തെരച്ചിൽ പൊലീസ് സമാന്തരമായി തുടരുന്നുണ്ട്. നേരത്തെ വിജിൽ ഉപയോഗിച്ചിരുന്ന ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ, പ്രത്യേകിച്ച് അസ്ഥികൾ കണ്ടെത്തുക എന്നത് കേസിൽ ശാസ്ത്രീയമായ തെളിവുകൾ ഉറപ്പാക്കുന്നതിന് നിർണായകമാണ്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം ആലോചിക്കുന്നതായും വിവരമുണ്ട്.