വെസ്റ്റ്ഹിൽ വിജിൽ നരഹത്യ കേസിൽ നിർണായക തെളിവുകൾ ലഭിച്ചു. തിരച്ചിലിൽ അസ്ഥികൾക്ക് പുറമെ, പല്ല്, താടിയെല്ല്, ഷൂസ് എന്നിവയും കണ്ടെത്തി. തഹസിൽദാരും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ഒരു ആഴ്ചയോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സരോവരത്തെ ചതുപ്പ് നിറഞ്ഞ ഭാഗത്ത് പരിശോധന നടത്തിയത്. വെട്ടുകല്ല് ഉപയോഗിച്ച് വിജിലിനെ ചതുപ്പിൽ താഴ്ത്തിയെന്ന് പ്രതികൾ നേരത്തെ മൊഴി നൽകിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിൽ വെട്ടുകല്ലും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ലഭിച്ച അസ്ഥികളും മറ്റ് ശരീരഭാഗങ്ങളും ഡി.എൻ.എ. പരിശോധനയ്ക്കായി അയയ്ക്കും. ഇത് വിജിലിന്റേതാണെന്ന് സ്ഥിരീകരിച്ചാൽ കേസിൽ വലിയ വഴിത്തിരിവാകും. രഞ്ജിത്ത് എന്ന രണ്ടാം പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണ്. എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.