ആറര വർഷം മുൻപ് കാണാതായ കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി കെ.ടി. വിജിലിന്റെ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. കോഴിക്കോട് സരോവരം തണ്ണീർത്തടത്തിൽ നിന്ന് വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തലയോട്ടിയൊഴികെയുള്ള 53 അസ്ഥിഭാഗങ്ങളാണ് കണ്ടെത്തിയത്. കൂടാതെ മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലുകളും ഷൂസും കണ്ടെത്തിയിട്ടുണ്ട്.
പ്രതികളുടെ മൊഴി അനുസരിച്ച്, 2019 മാർച്ച് 24-നാണ് വിജിലിനെ കാണാതാകുന്നത്. അന്നേ ദിവസം വിജിലും സുഹൃത്തുക്കളായ നിഖിൽ കെ.കെ., ദീപേഷ്, രഞ്ജിത്ത് എന്നിവരും സരോവരം തണ്ണീർത്തടത്തിൽ ലഹരി ഉപയോഗിക്കാൻ ഒത്തുകൂടി.ബ്രൗൺ ഷുഗർ അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് വിജിൽ ബോധരഹിതനായി.ബോധം വീണ്ടെടുക്കുമ്പോൾ വിജിൽ കൂടെയില്ലെന്ന് മനസ്സിലാക്കിയ പ്രതികൾ രണ്ടു ദിവസത്തിനു ശേഷം തിരികെയെത്തിയപ്പോൾ വിജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി വിജിലിന്റെ മൃതദേഹത്തിൽ കല്ലുകെട്ടി ചതുപ്പിൽ താഴ്ത്തി എന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി.
കാണാതായെന്ന പരാതിയിൽ എലത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.പിന്നീട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണദാസിന്റെ നിർദ്ദേശപ്രകാരം പഴയ മിസ്സിംഗ് കേസുകൾ പുനരന്വേഷിക്കാൻ തീരുമാനിക്കുകയും, എലത്തൂർ പൊലീസ് സ്റ്റേഷനിൽ പുതുതായി ചുമതലയേറ്റ എസ്.എച്ച്.ഒ. കെ.ആർ. രഞ്ജിത്ത് കേസ് ഏറ്റെടുക്കുകയും ചെയ്തതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. പ്രതികളുമായി പോലീസ് കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ വിജിലിന്റെ ബൈക്ക് കണ്ടെത്തി. തുടർന്ന് എട്ട് ദിവസത്തോളം സരോവരം തണ്ണീർത്തടത്തിൽ നടത്തിയ ഊർജ്ജിതമായ തിരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വിജിലിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളൊന്നും കണ്ടെത്താനായിട്ടില്ല. വിജിലിന്റെ അസ്ഥികൂടം തന്നെയാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിക്കുന്നതിനായുള്ള ഡി.എൻ.എ. പരിശോധനയ്ക്കായി സാമ്പിളുകൾ ചൊവ്വാഴ്ച ശേഖരിക്കും.ഇതിന്റെ ഫലം ലഭിക്കാൻ ഒരു മാസത്തോളമെടുക്കും. നിലവിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകമാണോ അമിത ലഹരി ഉപയോഗം മൂലമുള്ള നരഹത്യയാണോ എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒളിവിലുള്ള രഞ്ജിത്തിനെ കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്.