പാലക്കാട് പോത്തുണ്ടി സ്വദേശി സജിതയെ വെട്ടിക്കൊന്ന കേസിൽ പ്രതിയായ ചെന്താമരാക്ഷന്റെ ശിക്ഷാവിധി മറ്റന്നാളത്തേക്ക് മാറ്റി. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ നാലാം നമ്പർ കോടതിയാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ 14-ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് ശേഷം ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് ഇരു വിഭാഗങ്ങളുടെയും അന്തിമ വാദം കേൾക്കുകയാണ് കോടതി ചെയ്തത്.
പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ ഇന്ന് കോടതി വിശദമായി കേട്ടു. ശിക്ഷയിൽ ഇളവ് വേണമെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് പറയാൻ കഴിയില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. ചെന്താമരാക്ഷന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും, ഇതുവരെ മദ്യപാനം പോലും ചെയ്യാത്ത ഒരാളാണെന്നും, മാനസിക സമ്മർദ്ദം നേരിട്ടപ്പോഴാണ് കുറ്റകൃത്യത്തിലേക്ക് കടന്നതെന്നുമാണ് പ്രതിഭാഗം വാദിച്ചത്.
എന്നാൽ ഈ വാദങ്ങളെ പ്രോസിക്യൂഷൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. മുൻവൈരാഗ്യത്തിന്റെ പുറത്ത് കൃത്യമായ ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. മാത്രമല്ല, അതിനുവേണ്ട സമയം, ആയുധങ്ങൾ, എങ്ങനെ കൊല നടത്തണം എന്നതിനെക്കുറിച്ചുള്ള ആസൂത്രണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ചെന്താമരാക്ഷൻ ഒരു ക്രിമിനൽ സ്വഭാവമുള്ളയാളാണെന്നും ഇനിയും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ പരോൾ ഇല്ലാതെ തടവിന് ശിക്ഷിച്ചതുൾപ്പെടെയുള്ള വിധികൾ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ചെന്താമരാക്ഷനെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നില്ല. പകരം ജില്ലാ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ ദിവസം 14-ന് കോടതിയിൽ ഹാജരാക്കിയപ്പോഴും ഒരു നിസ്സംഗതയായിരുന്നു ചെന്താമരാക്ഷനിൽ പ്രകടമായത്. കുറ്റബോധമോ പശ്ചാത്താപമോ ഒന്നും തന്നെ ഇയാളിൽ പ്രകടമായിരുന്നില്ല.
ഇനി പൊതുസമൂഹത്തിന് ഭീഷണിയാകാൻ സാധ്യതയുള്ള വ്യക്തിയാണ് ചെന്താമരാക്ഷൻ എന്നും, ഒരാൾ കുറ്റവാളിയാണോ അതോ എത്രമാത്രം ക്രിമിനൽ സ്വഭാവമുള്ളയാളാണോ എന്നതൊക്കെ അയാൾ പിന്നീട് ചെയ്ത കുറ്റകൃത്യങ്ങൾ വെച്ച് അളക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ചെന്താമരാക്ഷൻ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കുള്ളിൽ വീണ്ടും സജിതയുടെ ഭർത്താവ് സുധാകരനെയും സുധാകരന്റെ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയിരുന്നു. ഈ രണ്ട് കൊലപാതകങ്ങളും ഈ കേസുമായി ബന്ധപ്പെട്ട പശ്ചാത്തലമായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ഈ രണ്ട് കേസുകളും പരസ്പര പൂരകങ്ങളായതുകൊണ്ട്, സജിത കൊലക്കേസിൽ വിധി പറയുമ്പോൾ അതിന് ശേഷമുള്ള ചെന്താമരാക്ഷന്റെ കുറ്റകൃത്യങ്ങൾ കൂടി പരിഗണിക്കണം. ഇയാൾ പൊതുസമൂഹത്തിന് ഭീഷണിയാകുമോ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ വാദങ്ങളെല്ലാം കണക്കിലെടുത്താണ് കോടതി ശിക്ഷാവിധി മറ്റന്നാളായ ഒക്ടോബർ 18-ലേക്ക് മാറ്റിയത്.