Share this Article
News Malayalam 24x7
നഗ്നമായ നിയമലംഘനത്തിലൂടെയാണ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിൽ ഇടം പിടിച്ചതെന്ന് ബിജെപി
വെബ് ടീം
5 hours 36 Minutes Ago
1 min read
sonia gandhi

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയ്‌ക്കെതിരെ കടുത്ത ആരോപണവുമായി ബിജെപി. രാഹുലിന്റെ അമ്മയും കോണ്‍ഗ്രസ് നേതാവുമായ സോണിയാ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനു മുന്‍പേ അവരുടെ പേര് വോട്ടഴ്‌സ് ലിസ്റ്റില്‍ ഉൾപ്പെട്ടിരുന്നെന്നാണ് ബിജെപിയുടെ ആരോപണം. ഇത് നഗ്നമായ നിയമലംഘനമായിരുന്നെന്നും ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയായിരുന്നു മാളവ്യയുടെ പ്രതികരണം.

തെരഞ്ഞെടുപ്പു നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനത്തിലൂടെയാണ് സോണിയാ ഗാന്ധി ഇന്ത്യയിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇടംപിടിച്ചതെന്നും യോഗ്യതയില്ലാത്തവരും അനര്‍ഹരുമായ വ്യക്തികളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനും എസ്‌ഐആറിനെ എതിര്‍ക്കാനുമുള്ള രാഹുലിന്റെ താല്‍പര്യത്തിന് പിന്നിലെ കാരണം ഇതാകാമെന്നും അമിത് മാളവ്യ കുറിപ്പില്‍ ആരോപിക്കുന്നു.

സോണിയാ ഗാന്ധിയുടെ പേര് ആദ്യമായി വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉൾപ്പെട്ടത് 1980-ല്‍, അവര്‍ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മൂന്നുകൊല്ലം മുന്‍പാണ്. അന്ന് അവര്‍ ഇറ്റാലിയന്‍ പൗരയായിരുന്നു. ആ സമയത്ത് ഗാന്ധികുടുംബം ജീവിച്ചിരുന്നത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗികവസതിയായ 1, സഫ്ദര്‍ജങ് റോഡില്‍ ആയിരുന്നു. അന്നുവരെ ആ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്ന വോട്ടര്‍മാര്‍ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും മനേകാ ഗാന്ധിയുമായിരുന്നു. 1980-ല്‍ ന്യൂഡല്‍ഹി ലോക്‌സഭാ മണ്ഡലത്തിലെ ഇലക്ടറല്‍ റോള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കി. 1980 ജനുവരി ഒന്നാം തീയതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇത്. ഈ പുനഃപരിശോധനാ പ്രക്രിയയ്ക്കിടെ സോണിയാ ഗാന്ധിയുടെ പേര് 145-ാം പോളിങ് സ്‌റ്റേഷനിലെ 388-ാം സീരിയല്‍ നമ്പറായി ചേര്‍ക്കപ്പെട്ടു, അമിത് മാളവ്യ ആരോപിച്ചു.

വോട്ടറായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നതിന് ഒരു വ്യക്തി ഇന്ത്യന്‍ പൗരനായിരിക്കണം എന്ന നിയമത്തിന്റെ വ്യക്തമായ ലംഘനമായിരുന്നു ഈ നടപടി. 1982-ല്‍ പ്രതിഷേധത്തിന് പിന്നാലെ അവരുടെ പേര് പട്ടികയില്‍നിന്ന് നീക്കംചെയ്തു. പക്ഷേ 1983-ല്‍ പേര് വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്നാല്‍, അവരുടെ പേര് വീണ്ടും ഉള്‍പ്പെട്ടത് ഗൗരവകരമായ ചോദ്യങ്ങള്‍ക്ക് വഴിവെച്ചു. ആ കൊല്ലത്തെ വോട്ടര്‍ പട്ടികയുടെ പുതിയ പുനഃപരിശോധനയില്‍, പോളിങ് സ്റ്റേഷന്‍ 140-ല്‍ 236-ാം ക്രമനമ്പറായി സോണിയ ഗാന്ധിയെ പട്ടികയില്‍ ഉള്‍പ്പെടുത്തി. വോട്ടര്‍ രജിസ്‌ട്രേഷനുള്ള യോഗ്യതാതീയതി 1983 ജനുവരി ഒന്ന് ആയിരുന്നു. എന്നാല്‍ സോണിയയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചതാകട്ടെ 1983 ഏപ്രില്‍ 30-ന് ആയിരുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പൗരത്വത്തിനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലാതെ സോണിയാ ഗാന്ധിയുടെ പേര് രണ്ടുതവണ വോട്ടര്‍ പട്ടികയില്‍ ഇടം നേടി. ആദ്യം ഒരു ഇറ്റാലിയന്‍ പൗരയായി 1980-ല്‍. രണ്ടാമത്, 1983-ല്‍ നിയമപരമായി ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പും.

രാജീവ് ഗാന്ധിയെ വിവാഹംചെയ്തശേഷം ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ അവര്‍ എന്തുകൊണ്ട് പതിനഞ്ചുകൊല്ലമെടുത്തു എന്നുപോലും ഞങ്ങള്‍ ചോദിക്കുന്നില്ല, അമിത് മാളവ്യ കുറിപ്പില്‍ പറയുന്നു. ഇത് നഗ്നമായ തിരഞ്ഞെടുപ്പ് ക്രമക്കേടല്ലെങ്കില്‍ പിന്നെന്താണ് എന്ന ചോദ്യത്തോടെയാണ് അമിത് മാളവ്യയുടെ കുറിപ്പ് അവസാനിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories