കല്പറ്റ: കൊല്ലത്തുവെച്ച് പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവിനെയും മകനെയും പോലീസ് വയനാട്ടില്‍നിന്ന് പിടികൂടി. മോഷണക്കേസ് പ്രതികളായ തിരുവനന്തപുരം വഞ്ചിയൂര്‍ റംസി മന്‍സിലില്‍ അയ്യൂബ് ഖാന്‍(56), മകന്‍ സൈതലവി(18) എന്നിവരെയാണ് വയനാട് പോലീസ് മേപ്പാടിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച പുലര്‍ച്ചെ കൊല്ലം കടയ്ക്കല്‍-അഞ്ചല്‍ റോഡിലെ ചുണ്ട ചെറുകുളത്തുവെച്ചാണ് ഇരുവരും പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്.മോഷണക്കേസില്‍ തിരുവനന്തപുരം പാലോട് പോലീസ് വയനാട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രണ്ടുപേരും കൈവിലങ്ങുമായി മുങ്ങിയത്. യാത്രയ്ക്കിടെ മൂത്രമൊഴിക്കാനുണ്ടെന്ന് പ്രതികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് മൂത്രമൊഴിക്കാനായി ജീപ്പില്‍നിന്ന് പുറത്തിറക്കിയതിന് പിന്നാലെ പിതാവും മകനും കൈവിലങ്ങുമായി സമീപത്തെ മലയിലേക്ക് ഓടിക്കയറുകയായിരുന്നു. പോലീസ് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ പിടികൂടാനായിരുന്നില്ല. തുടര്‍ന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ വയനാട്ടില്‍വെച്ച് പ്രതികളെ കസ്റ്റഡിയിലെടുത്തത്.