തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക ഇടപാടുകളിലും ഉദ്യോഗസ്ഥരുടെ നീക്കങ്ങളിലും സര്‍ക്കാര്‍ ഇടപെടലിന് സാധ്യത. ഐഎഎസ് ഉദ്യോഗസ്ഥനെ ദേവസ്വം കമ്മീഷണറായി നിയമിക്കുന്നതും ആലോചനയിലുണ്ട്.
സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ കൈപൊള്ളിയ സര്‍ക്കാര്‍, ദേവസ്വങ്ങളുടെ സാമ്പത്തിക ഇടപാടുകളിലും ഉദ്യോഗസ്ഥ ഭരണത്തിലും നിയന്ത്രണം കൊണ്ടുവരാനൊരുങ്ങുന്നു. ദേവസ്വം ഭരണകാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെങ്കിലും ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക ഇടപാടുകള്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കൂടി നടത്തുന്ന നിയമം കൊണ്ടുവരാനാണ് ഇപ്പോഴത്തെ ആലോചന. ഇതിനായി ഹൈക്കോടതിയുടെ അഭിപ്രായം തേടും.
നിലവില്‍ സാമ്പത്തിക ഇടപാടുകളുടെ പൂര്‍ണ നിയന്ത്രണം ദേവസ്വം സെക്രട്ടറിക്കാണ് . ഇതിനു മുകളില്‍ നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ആലോചന. ദേവസ്വം സെക്രട്ടറിതിരുവാഭരണംകമ്മീഷണര്‍, ചീഫ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് സ്വതന്ത്രമായ അധികാരമുണ്ട്. ഇവര്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ നേരിട്ട് ബോര്‍ഡിനെ അറിയിച്ചാല്‍ മതി.
എന്നാല്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ദേവസ്വം കമ്മീഷണര്‍ക്ക് ഇടപെടാന്‍ അധികാരമുണ്ടായിരിക്കില്ല. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ പ്രായോജകര്‍ വഴി ദേവസ്വം ബോര്‍ഡിന് കിട്ടുന്ന തുക, മറ്റു വരുമാനങ്ങള്‍, ചെലവുകള്‍ എന്നിവ സര്‍ക്കാരിനെ അറിയിക്കേണ്ടിവരും. മാത്രവുമല്ല വലിയ തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ക്കും സര്‍ക്കാര്‍ അനുമതി വേണ്ടിവരും. ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് സംവിധാനത്തിലും മാറ്റം കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വിജിലന്‍സ് കണ്ടെത്തുന്ന ക്രമക്കേടുകള്‍ നിലവില്‍ കോടതിയെ മാത്രം അറിയിച്ചാല്‍ മതി. പുതിയ നിയമം വരുന്നതോടെ ഇത് ആഭ്യന്തരവകുപ്പിനെയും അറിയിക്കേണ്ടി വരും.