 
                                 
                        തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യൂനമര്‍ദം അടുത്ത ആറു മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വരും മണിക്കൂറുകളില്‍ രൂപപ്പെടുമെന്ന് കരുതുന്ന ചുഴലിക്കാറ്റ് നാളെ ഉച്ചയ്ക്ക് ശേഷം കാരൈയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് നാളെ ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച മഴ വീണ്ടും കനക്കും. ഞായറാഴ്ച ഏഴു ജില്ലകളിലും തിങ്കളാഴ്ച ആറു ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് ആണ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    