ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികൾ 2025-ൽ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതിൽ ദേവസ്വം ബോർഡിന് പങ്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രസ്താവിച്ചു. തീരുമാനം എടുത്തത് ദേവസ്വം ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു .
2025-ൽ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിട്ടത് ദേവസ്വം ബോർഡിന്റെ അറിവോടെയാണെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ പരാമർശത്തിനെതിരെയാണ് ബോർഡ് പ്രസിഡന്റിന്റെ ഈ പ്രതികരണം. മുൻപ് ദേവസ്വം ബോർഡ് യോഗം ചേർന്നാണ് മഹസർ തയ്യാറാക്കിയ ശേഷം തീരുമാനം എടുത്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നുവെങ്കിലും], ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് മലക്കം മറിച്ചിൽ നടത്തി ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്.
2019-ൽ നടന്ന മോഷണശ്രമങ്ങളെ മറയ്ക്കുന്നതിനു വേണ്ടിയാണോ 2025-ലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്നെ സ്വർണ്ണപ്പാളികൾ പൂശാനായി നൽകിയത് എന്നതായിരുന്നു ഹൈക്കോടതിയുടെ പ്രധാന ചോദ്യം . 2019-ലും 2025-ലും ഉണ്ടായ ഈ 'തെറ്റിൽ' നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
സ്വർണ്ണം പൂശിയ ദ്വാരപാലക ശില്പത്തിന്റെ പാളികൾ ഉൾപ്പെടെയുള്ളവയുടെ മഹസർ, രജിസ്റ്ററുകൾ തുടങ്ങിയ രേഖകൾ പല ആവർത്തി ആവശ്യപ്പെട്ടിട്ടും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ വിസമ്മതിക്കുകയും പിന്നീട് പിടിച്ചെടുക്കുകയുമായിരുന്നു എന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു . ഇത്തരത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതിനാലാണ് ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ്, ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ളവരെ എതിർകക്ഷികളാക്കി കേസ് എടുക്കാൻ ഹൈക്കോടതി തീരുമാനിച്ചത് .
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ തള്ളിപ്പറയുകയും, തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ സമർപ്പിച്ച് വിധിയിലെ പരാമർശങ്ങളിൽ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്. അതേസമയം, സ്വർണമോഷണവുമായി ബന്ധപ്പെട്ട് ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ അടക്കമുള്ളവരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തേക്കും.