തൃശൂര്‍ മുരിങ്ങൂരില്‍ ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്കുള്ള പാതയില്‍ മുരിങ്ങൂര്‍ മുതല്‍ പോട്ട വരെ മൂന്ന് കിലോമീറ്ററോളമാണ് വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുന്നത്. ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ ബ്ലോക്ക് ഇതുവരെയും തീര്‍ന്നിട്ടില്ല. ചാലക്കുടി പട്ടണം പൂര്‍ണമായും ഗതാഗത കുരുക്കിലകപ്പെട്ടു. എയര്‍പോട്ടിലേക്ക് അടക്കം ആളുകള്‍ ആശ്രയിക്കുന്ന പ്രധാന പാതയിലാണ് ഗതാഗത കുരുക്ക് ഉണ്ടായിരിക്കുന്നത്.
അടിപ്പാത നിര്‍മ്മാണം നടക്കുന്ന പാതയുടെ സര്‍വീസ് റോഡ് അറ്റകുറ്റപണി നടത്താത്തതാണ് ഗതാഗത രൂക്ഷമാകാന്‍ കാരണം.പ്രദേശത്ത് ഇന്നലെ രാത്രി തടിലോറി മറിഞ്ഞിരുന്നു. വെള്ളം നിറഞ്ഞതിനാല്‍ കുഴി കാണാത്തതാണ് അപകടത്തിന് കാരണമായത്. ഗതാഗത കുരുക്കിനെ തുടര്‍ന്ന് വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു. അതേസമയം ഗതാഗത കുരുക്ക് മാറ്റാന്‍ ദേശീയപാത അതോററ്റിയും കരാര്‍ കമ്പനിയും ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.