Share this Article
News Malayalam 24x7
SIT അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും; ശബരിമല സ്വര്‍ണക്കവര്‍ച്ച
Sabarimala Gold Theft Case

ശബരിമല സ്വർണപ്പണയക്കേസിലെ മൂന്നാംഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുദ്രവെച്ച കവറിലാകും റിപ്പോർട്ട് കൈമാറുക.

അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നേരത്തെ അനുവദിച്ച ആറാഴ്ചത്തെ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. അന്വേഷണം നിർണ്ണായക ഘട്ടത്തിലായതിനാൽ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് അടച്ചിട്ട കോടതി മുറിയിലാകും ബെഞ്ച് കേസ് പരിഗണിക്കുക.


കേസിലെ മുഖ്യപ്രതിയും മുൻ എംഎൽഎയുമായ എ. പത്മകുമാർ നിലവിൽ റിമാൻഡിലാണ്. കുറ്റകൃത്യത്തിൽ താൻ മാത്രമല്ല, ദേവസ്വം ബോർഡിലെ മറ്റ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നും കൂട്ടുത്തരവാദിത്തമാണെന്നുമാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്. എൻ. വാസു ഉൾപ്പെടെയുള്ളവരിൽ നിന്നും ശേഖരിച്ച മൊഴികളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.


പത്മകുമാറിനെ കൂടാതെ കൂടുതൽ ഉന്നതർക്ക് കേസിൽ പങ്കുണ്ടെന്ന സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും ലഭ്യമാകാത്ത അതീവ രഹസ്യവിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയെ ധരിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories