ആരോഗ്യ മന്ത്രി വീണാ ജോർജിനെ ട്രെയിനിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെ.എസ്.യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ അടക്കം അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. ഇതോടെ പ്രതികൾ റിമാൻഡിൽ തുടരും.
കഴിഞ്ഞ ദിവസം നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിക്കെതിരെ ആയുധം ഉപയോഗിച്ച് വധശ്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. മന്ത്രിക്കെതിരെ നടന്നത് വെറും പ്രതിഷേധമല്ലെന്നും, ആയുധം ഉപയോഗിച്ചുള്ള കൃത്യമായ വധശ്രമമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ആക്രമണത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും, ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ (BNS) ഒമ്പത് വകുപ്പുകളും റെയിൽവേ നിയമപ്രകാരമുള്ള രണ്ട് വകുപ്പുകളും ഉൾപ്പെടെ 11 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ പ്രതിഭാഗം നിഷേധിച്ചു. കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടന്നതെന്നും, കനത്ത പൊലീസ് വലയത്തിലായിരുന്ന മന്ത്രിയുടെ അടുത്തേക്ക് എത്താൻ പോലും പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ പറഞ്ഞത്. മന്ത്രിയുടേത് വെറും 'നാടകമാണെന്നും' പ്രതിഭാഗം ആരോപിച്ചു.
ആക്രമണത്തെത്തുടർന്ന് കഴുത്തിന് പരിക്കേറ്റ മന്ത്രി വീണാ ജോർജ് രണ്ട് ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മന്ത്രി, ഡിസ്ചാർജ് ആയ ശേഷം ഇന്ന് പത്തനംതിട്ടയിൽ നടന്ന പൊതുപരിപാടിയിൽ പങ്കെടുത്തു. കഴുത്തിൽ 'സെർവിക്കൽ കോളർ' ധരിച്ചാണ് മന്ത്രി പരിപാടിയിൽ എത്തിയത്.
പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പൊലീസിന്റെ അപേക്ഷ മറ്റന്നാൾ കോടതി പരിഗണിക്കും. അന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ മേൽക്കോടതിയെ സമീപിക്കാനാണ് കെ.എസ്.യു നേതൃത്വത്തിന്റെ തീരുമാനം.