സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ച് വെടിവയ്പ്പിലെ തോക്കുധാരികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി. സാജിദും മകൻ നവീദ് അക്രവുമാണ് ആക്രമണത്തിനു പിന്നിൽ.
27 വർഷം മുൻപ് വിദ്യാർഥി വീസയിൽ ഹൈദരാബാദിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയതാണ് സാജിദ് അക്രം. ഹൈദരാബാദിൽ ബി കോം ബിരുദം പൂർത്തിയാക്കിയ അക്രം 1998 നവംബറിലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. തുടർന്ന് യൂറോപ്യൻ വംശജയായ വെനേര ഗ്രോസോയെ വിവാഹം കഴിച്ച് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കി. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
സാജിദ് അക്രത്തിന് ഇപ്പോഴും ഇന്ത്യൻ പാസ്പോർട്ടുണ്ട്. മകൻ നവീദ് അക്രവും മകളും ഓസ്‌ട്രേലിയയിലാണ് ജനിച്ചത്. ഇരുവരും ഓസ്‌ട്രേലിയൻ പൗരന്മാരാണ്. ഇന്ത്യയിലെ ബന്ധുക്കളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കഴിഞ്ഞ 27 വർഷമായി ഹൈദരാബാദിലുള്ള തന്റെ കുടുംബവുമായി സാജിദ് അക്രത്തിന് പരിമിതമായ ബന്ധമേ ഉണ്ടായിരുന്നുള്ളൂ. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ശേഷം 6 തവണയാണ് ഇന്ത്യയിലെത്തിയത്. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പ്രായമായ മാതാപിതാക്കളെ സന്ദർശിക്കൽ തുടങ്ങിയ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു സന്ദർശനങ്ങൾ. പിതാവിന്റെ മരണസമയത്ത് പോലും സാജിദ് ഇന്ത്യയിലേക്ക് എത്തിയിരുന്നില്ല.