Share this Article
KERALAVISION TELEVISION AWARDS 2025
തന്റെ പരാതിയില്‍ പറഞ്ഞ നടന്റെ പേര് വെളിപ്പെടുത്തിയതില്‍ അതൃപ്തി രേഖപ്പെടുത്തി വിന്‍സി അലോഷ്യസ്
Vincy Aloshious

തന്റെ പരാതിയില്‍ പറഞ്ഞ നടന്റെ പേര് വെളിപ്പെടുത്തിയതില്‍ അതൃപ്തി രേഖപ്പെടുത്തി നടി വിന്‍സി അലോഷ്യസ്. ആര്‍ക്കൊക്കെയാണ് പരാതി നല്‍കിയതെന്ന് തനിക്ക് ബോധ്യമുണ്ട്. എങ്ങനെയാണ് പുറത്തു വന്നതെങ്കിലും, ആരാണ് പുറത്തു വിട്ടതെങ്കിലും അത് ഏറ്റവും വലിയ വിശ്വാസ വഞ്ചനയാണ് ചെയ്തിട്ടുള്ളത്. എനിക്ക് പറയാനുള്ളത് പറഞ്ഞ് മുന്നോട്ടു പോയാല്‍ മതിയെന്ന കാര്യമാണ് ഇപ്പോള്‍ തോന്നുന്നത് എന്നും വിൻസി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു.


പരാതി നല്‍കിയത് അത് സ്വകാര്യമായി സൂക്ഷിക്കുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ്. പരാതിയിലെ വ്യക്തിയുടെ പേര് മാധ്യമങ്ങളിലോ പൊതു സമൂഹത്തിലേക്കോ പോയാല്‍, ആ വ്യക്തിയ്ക്ക് അപ്പുറം ആ സിനിമയുടെ ഭാവി, അദ്ദേഹത്തെ വെച്ച് മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്ന സിനിമകള്‍, നിര്‍മ്മാതാക്കള്‍ ഇവരെയൊക്കെ ബാധിക്കും. ഊഹിക്കാവുന്നവര്‍ക്ക് അതാരെന്ന് ഊഹിക്കാവുന്നതാണ്.


എന്നാല്‍ വ്യക്തമായ പേരു പറയുമ്പോള്‍, ആ വ്യക്തി അഭിനയിക്കുന്ന സിനിമകളെ, അതില്‍ പ്രവര്‍ത്തിക്കുന്ന നിഷ്‌കളങ്കരായ, നിസ്സഹായരായ കുറേ ആളുകളെ ബാധിക്കും. അതുകൊണ്ടാണ് പേരു പുറത്തു വിടരുതെന്ന് താന്‍ പറഞ്ഞത്. പേര് പുറത്തു വിടുമ്പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയും പരാതി നല്‍കിയ ഫിലിം ചേംബറും എത്രത്തോളമാണ് സിനിമയുടെ അവസ്ഥയെ മനസ്സിലാക്കിയിട്ടുള്ളതെന്ന് അറിയില്ല.


സിനിമയില്‍ അഞ്ചുവര്‍ഷമായിട്ട് നില്‍ക്കുന്ന എന്റെ ബോധം പോലും പേര് ലീക്കാക്കിയവര്‍ക്ക് ഇല്ലേയെന്നേ ചോദിക്കാനുള്ളൂ. കുറ്റകരമായ വ്യക്തിയെ പൊതുസമൂഹത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ എളുപ്പമാണ്. പൊതുസമൂഹം അറിയേണ്ടതുമാണ്. പക്ഷെ ആരും ചിന്തിക്കാത്ത കുറേ ആളുകളുടെ ജീവിതം ഇയാളെ വെച്ച് എടുത്ത സിനിമയിലുണ്ട് എന്ന കാര്യം ഓര്‍ക്കണം. അവരെ നമ്മള്‍ പരിഗണിക്കണം. അതു പരിഗണിക്കാതെ എടുത്ത മോശം നിലപാടായിപ്പോയി എന്നും വിന്‍സി അലോഷ്യസ് പറഞ്ഞു.


ഇതാരാണോ ലീക്ക് ചെയ്തത് അവരുടെ പിന്നാലെയൊന്നും താന്‍ പോകാന്‍ പോകുന്നില്ല. പരാതിയുടെ സ്വകാര്യത നഷ്ടപ്പെടുത്തിയത് വളരെ മോശമായിപ്പോയി എന്നു മാത്രമാണ് പറയുന്നത്. സിനിമാസംഘടനകളുടെ വിശ്വാസ്യത നഷ്ടമായി. അത്രയും വിശ്വസിച്ചാണ് പരാതി നല്‍കിയത്. സ്വയമേ ഒരു തീരുമാനമെടുത്ത്, ആരെയും ഉപദ്രവിക്കാതെ മുന്നോട്ടു പോകാമെന്നുള്ള തീരുമാനത്തിലായിരുന്നു. അറിഞ്ഞുകൊണ്ട് താന്‍ നല്‍കിയ പരാതി, അയാള്‍ക്ക് നെഗറ്റിവിറ്റി വരുമ്പോള്‍ ആ സിനിമകളെയൊക്കെ ബാധിക്കും. എത്ര നല്ല സിനിമയാണെങ്കിലും ഒടിടിയോ ചാനലോ എടുക്കാനുണ്ടാകില്ല. അത് മനസ്സിലാക്കാനുള്ള ബോധം പോലും പേര് പുറത്തു വിട്ടവര്‍ക്കില്ലേയെന്ന് വിന്‍സി ചോദിച്ചു.


പേര് പുറത്തു വിടരുതെന്ന് പരാതി നല്‍കിയ സമയത്ത് പറഞ്ഞപ്പോള്‍, ഞാനും സിനിമ ഫാമിലിയിലെ അംഗമല്ലേ, എന്നു ചോദിച്ചയാളാണ് എന്റെ അറിവില്‍ പേര് പുറത്തു വിട്ടിട്ടുള്ളത്. വളരെ മോശമായിപ്പോയി. പൊലീസിനെയോ ആരെയും സമീപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. നടപടികള്‍ എടുക്കേണ്ടവര്‍ എടുത്തോട്ടെ. ഇനി എനിക്ക് എന്തു മോശം സംഭവിച്ചാല്‍ പോലും എന്റെ നിലപാടുമായി മുന്നോട്ടു പോകും. അതില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറി നില്‍ക്കുകയേ ചെയ്യൂ. പരാതിക്കും എംപവര്‍മെന്റിനും താനില്ലെന്നും വിന്‍സി അലോഷ്യസ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories