 
                                 
                        കൊച്ചി: ലോകകപ്പ് ബമ്പർ പ്രവചന മത്സരവിജയികൾക്ക് മലേഷ്യൻ യാത്ര ടിക്കറ്റുകളും ഇമ്പെക്സ് ഗൂഗിൾ ടിവിയും കേരളവിഷൻ ന്യൂസ് സമ്മാനിച്ചു. മെഗാ കേബിൾ ഫെസ്റ്റ് വേദിയായ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് സമ്മാനദാനം നിർവഹിച്ചത്.
കേരളവിഷൻ ഒരുക്കിയ പ്രവചന മത്സരത്തിൽ ബമ്പർ സമ്മാനത്തിനർഹനായത് ആലപ്പുഴ പാതിരപ്പള്ളി സ്വദേശി ജോണി ജോസഫാണ്.രണ്ട് പേർക്കായൊരിക്കിയിരിക്കുന്ന മലേഷ്യൻ യാത്രയാണ് ഒന്നാം സമ്മാനം. കെസിബിഎൽ ചെയർമാൻ രാജ്‌മോഹൻ അധ്യക്ഷനായ ചടങ്ങിൽ പ്രധാന സ്പോൺസർ യൂണിമണി സിഇഒ സി. എ. കൃഷ്‌ണനിൽ നിന്നും ഒന്നാം സമ്മാനമായ രണ്ട് പേർക്കായുള്ള മലേഷ്യൻ ടിക്കറ്റുകൾ ജോണി ജോസഫിനായി ഭാര്യ മറിയം പ്രിൻസി ഏറ്റു വാങ്ങി.
കേരളവിഷൻ ന്യൂസ് നൽകുന്ന സ്നേഹ സമ്മാനം വിജയിക്ക് ചലച്ചിത്ര താരം രശ്മി ബോബൻ കൈമാറി.
അതേസമയം, എറണാകുളം വടക്കൻ പറവൂർ സ്വദേശി അമൃത പി നായർ രണ്ടാം സമ്മാനത്തിനർഹയായി. ഇമ്പെക്സ് ഗൂഗിൾ ടീവിയാണ് സമ്മാനം. സമ്മാനം സ്പോൺസർ ചെയ്യുന്ന ഇമ്പെക്സ് ബിസിനസ് ഹെഡ് റിജോ ടി കോരുള അമൃത പി നായർക്ക് കൈമാറി.
കേരളവിഷൻ ന്യൂസിന്റെ സ്നേഹ സമ്മാനം കോസ്റ്റ്യും ഡിസൈനർ മഞ്ജുഷ രാധാകൃഷ്ണൻ കൈമാറി.
ഇതിന് പുറമെ 45 ദിവസങ്ങളിലായി നടന്ന 48 മാച്ചുകളുടെ പ്രവചനത്തിന് ദിവസേന സമ്മാനങ്ങളും വിതരണം ചെയ്തിരുന്നു. കൊച്ചി കടവന്ത്രയിൽ നടന്ന മെഗാ കേബിൾ ഫെസ്റ്റിന്റെ ഭാഗമായി നടന്ന ചടങ്ങിൽ കേരളവിഷൻ ന്യൂസ് എംഡി പ്രജേഷ് അച്ചാണ്ടി, കെസിബിഎൽ ചെയർമാൻ രാജ്‌മോഹൻ, കേരളവിഷൻ ഡയറക്ടർ സുധീഷ് പട്ടണം എന്നിവർ പങ്കെടുത്തു.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    