Share this Article
News Malayalam 24x7
രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഇന്ന്
Election Commission to Hold Press Conference Today Amid Rahul Gandhi's Vote Theft Allegations

വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'വോട്ടർ അധികാർ യാത്ര'ക്ക് ഇന്ന് ബീഹാറിൽ തുടക്കമായി. യാത്ര ആരംഭിക്കുന്ന അതേദിവസം തന്നെ, ആരോപണങ്ങൾക്ക് മറുപടി നൽകാനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് അടിയന്തര വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്.


'വോട്ട് കൊള്ള'യ്‌ക്കെതിരെ രാജ്യവ്യാപകമായി ശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം യാത്ര സംഘടിപ്പിക്കുന്നത്. ബീഹാറിലെ സസാറാമിൽ നിന്ന് ആരംഭിക്കുന്ന യാത്ര 16 ദിവസം കൊണ്ട് 1300-ൽ അധികം കിലോമീറ്റർ സഞ്ചരിച്ച് സെപ്റ്റംബർ ഒന്നിന് പട്‌നയിലെ ഗാന്ധി മൈതാനത്ത് മഹാറാലിയോടെ സമാപിക്കും. ആർജെഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ള ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ രാഹുൽ ഗാന്ധിക്കൊപ്പം അണിചേരും.


ബീഹാറിൽ മാത്രം വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കലിലൂടെ 65 ലക്ഷത്തോളം വോട്ടർമാരെ ഒഴിവാക്കിയെന്നാണ് രാഹുൽ ഗാന്ധിയും പ്രതിപക്ഷവും ഉന്നയിക്കുന്ന പ്രധാന ആരോപണം. "ഇന്ത്യയെ രക്ഷിക്കൂ, ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കൂ, ഒരാൾക്ക് ഒരു വോട്ട്" എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് യാത്ര മുന്നോട്ട് പോകുന്നത്.


അതേസമയം, രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ശക്തമായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് പരാതി ഉന്നയിക്കാൻ കൃത്യമായ സമയം നൽകിയിരുന്നുവെന്നും പിഴവുകൾ ചൂണ്ടിക്കാണിച്ചിരുന്നെങ്കിൽ തിരുത്താൻ സാധിക്കുമായിരുന്നുവെന്നും കമ്മീഷൻ വൃത്തങ്ങൾ നേരത്തെ പ്രതികരിച്ചിരുന്നു. ആരോപണങ്ങളിൽ ഔദ്യോഗികമായി വിശദീകരണം നൽകാൻ കമ്മീഷൻ തയ്യാറാകുന്നതോടെ രാജ്യം ഇന്നത്തെ വാർത്താസമ്മേളനത്തിനായി ഉറ്റുനോക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories