ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. 16 പേരെ കാണാതായതായി അധികൃതർ അറിയിച്ചു. കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മരിച്ചവരിൽ 12 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ രണ്ടുപേർ നേപ്പാൾ സ്വദേശികളാണ്. മൂന്നുപേരെ ഇനിയും തിരിച്ചറിയാനുണ്ട്. കഴിഞ്ഞ ദിവസം നദി മുറിച്ചുകടക്കുകയായിരുന്ന ട്രാക്ടർ ഒഴുക്കിൽപ്പെട്ട് എട്ടുപേർ മരിച്ചിരുന്നു.
പ്രളയബാധിത പ്രദേശങ്ങളിൽ ആയിരത്തിലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പലയിടത്തും ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്.