Share this Article
Union Budget
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി'ന് അംഗീകാരം; ബില്ല് ഉടൻ പാർലമെന്റിലേക്ക്
വെബ് ടീം
posted on 12-12-2024
1 min read
one nation one election

ന്യൂഡൽഹി: പാർലമെന്റിലേക്കും നിയമസഭകളിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് നടത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബിൽ പാർലമെന്റിന്റെ ശീതകാല സെഷനിൽ അവതരിപ്പിച്ചേക്കും. അതേസമയം, ബില്ല് കൂടുതൽ പരിശോധനക്കായി ജോയിന്റ് പാർലമെന്ററി സമിതിക്ക് കൈമാറുമെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. നവംബർ 25ന് തുടങ്ങിയ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 20ന് അവസാനിക്കും.

ഒറ്റ തെരഞ്ഞെടുപ്പിന് വേണ്ടി നിലവിലുള്ള നിയമങ്ങളെല്ലാം ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ നിയമമാണ്  ഭേദഗതി ബില്ലിലൂടെ ശുപാർശ ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പുണ്ടെങ്കിലും ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുള്ളതിനാൽ ബില്ല് പാസാക്കാൻ കേന്ദ്രസർക്കാറിന് തടസ്സമുണ്ടാകില്ല.പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കലിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ല എന്നാണ് സമിതി ശുപാര്‍ശയില്‍ പറയുന്നത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന വിഷയം ആയതിനാല്‍, ആ തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കുന്നതിന് കുറഞ്ഞത് 50 ശതമാനം സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമായി വരും.രണ്ട് അനുച്ഛേദങ്ങളിൽ ഭേദഗതി വരുത്താനും പുതിയ ഉപവകുപ്പുകള്‍ ഉള്‍പ്പെടുത്താനും നിയമസഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങള്‍ തിരുത്താനും ഉന്നതതല സമിതി നിര്‍ദ്ദേശിച്ചിരുന്നു. ഭേദഗതികളുടെയും പുതിയ ഉള്‍പ്പെടുത്തലുകളുടെയും ആകെ എണ്ണം 18 ആണ്. തൂക്കുസഭയോ അവിശ്വാസപ്രമേയത്തിലൂടെയോ സര്‍ക്കാര്‍ വീണാല്‍ അവശേഷിക്കുന്ന കാലയളവിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണം എന്നും സമിതി ശുപാർശയിൽ വ്യക്തമാക്കിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories