 
                                 
                        സര്‍ക്കാറിന്റെ നവകേരള സദസിനെതിരെ വിമര്‍ശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. ഈ സദസ് ആരെ കബളിപ്പിക്കാന്‍ എന്ന തലവാചകത്തോടെയാണ് മുഖപ്രസംഗം. സംസ്ഥാനം പ്രതിസന്ധിയില്‍ അമരുമ്പോഴാണ് ആയിരം കോടി ചെലവിട്ട് സദസ് സംഘടിപ്പിക്കുന്നതെന്നും മുഖ പ്രസംഗത്തില്‍ വിമര്‍ശനം.
നവകേരള സദസ് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കണ്‍കെട്ട് വിദ്യയെന്ന പ്രതിപക്ഷ ആരോപണം ശരിവെച്ചാണ് മുഖ പ്രസംഗം. സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് എംഎല്‍എമാര്‍ പങ്കെടുക്കാത്ത സദസെന്നും ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചാരണ മമാങ്കമെന്നും എഡിറ്റോറിയലില്‍ പറയുന്നത്. ആയിരം കോടി ചെലവിട്ടാണ് സദസ് സംഘടിപ്പിക്കുന്നതെന്നും വിമര്‍ശനമുണ്ട്. നവ കേരള സദസ്സുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ലേഖനവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതെസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെ ലേഖനത്തില്‍ പ്രശംസിച്ചിട്ടുമുണ്ട്.
പെന്‍ഷനും ആനുകൂല്യങ്ങളും നേരത്തേ വിതരണം ചെയ്തിട്ട് മതിയായിരുന്നു ജനങ്ങളുടെ പരാതി കേള്‍ക്കാനുള്ള നാടുചുറ്റല്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ ഒരു കോടി മുടക്കിയാണ് ആഡംബര ബസ് തയ്യാറാക്കിയിരിക്കുന്നതെന്നും ഇനി ഒരു മാസം ഭരണം ഈ ബസിലിരുന്നാണോ എന്ന ചോദ്യത്തട് കൂടെയാണ് എഡിറ്റോറിയല്‍ അവസാനിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളിലാണ് നവ കേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തുന്നത്.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    