ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കർണാടകയിലെ ബെല്ലാരിയിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വീണ്ടും പരിശോധന നടത്തി. കേസിലെ പത്താം പ്രതിയായ ഗോവർദ്ധന്റെ ഉടമസ്ഥതയിലുള്ള 'റോദ്ധം' (Roddham) ജ്വല്ലറിയിലാണ് അന്വേഷണ സംഘം എത്തിയത്. ഇത് രണ്ടാം തവണയാണ് എസ്.ഐ.ടി ഈ ജ്വല്ലറിയിൽ പരിശോധന നടത്തുന്നത്.
നേരത്തെ നടത്തിയ പരിശോധനയിൽ ശബരിമലയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതെന്ന് കരുതുന്ന 400 ഗ്രാമോളം സ്വർണ്ണം ഈ ആഭരണശാലയിൽ നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഈ സ്വർണ്ണത്തിന് ശബരിമലയുമായി യാതൊരു ബന്ധവുമില്ലെന്നും തന്റെ കൈവശമുണ്ടായിരുന്ന സ്വർണ്ണം അന്വേഷണ സംഘം ഭീഷണിപ്പെടുത്തി കൊണ്ടുപോയതാണെന്നുമാണ് ഗോവർദ്ധൻ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഗോവർദ്ധന് അടുത്ത ബന്ധമുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. കൂടാതെ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയും പ്രതികളും തമ്മിലുള്ള ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതിനും കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുമാണ് രണ്ടാമതും ബെല്ലാരിയിൽ പരിശോധന നടത്തിയത്.
സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിച്ച അന്വേഷണം വരും ദിവസങ്ങളിൽ കൂടുതൽ നിർണ്ണായകമായേക്കും. ശബരിമലയിലെ സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.