കുവൈറ്റിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. ഇരിണാവ് സ്വദേശി സച്ചിൻ (28) ആണ് മരിച്ചത്. ദുരന്തത്തിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
അനധികൃതമായി നിർമ്മിച്ച മദ്യം കഴിച്ച 63 പേരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതിൽ 21 പേർക്ക് കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ലെങ്കിലും കൂടുതൽ പേർ മരിച്ചതായി ആശങ്കയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വ്യാജമദ്യ നിർമ്മാണ കേന്ദ്രം നടത്തിയിരുന്ന രണ്ട് ഏഷ്യൻ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ മദ്യ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും രാസവസ്തുക്കളും പിടിച്ചെടുത്തു. വാട്ടർ ബോട്ടിലുകളിലും മറ്റ് കവറുകളിലുമായാണ് ഇവർ മദ്യം വിതരണം ചെയ്തിരുന്നത്.
സച്ചിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ദുരന്തത്തിൽപ്പെട്ട മറ്റ് മലയാളികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്.