Share this Article
News Malayalam 24x7
'വൃത്തികെട്ടവളെ...ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂ'; ഇന്ത്യൻ വംശജയായ ആറുവയസുകാരി കടുത്ത വംശീയാതിക്രമത്തിന് അയർലൻഡിൽ ഇരയായതായി റിപ്പോർട്ട്
വെബ് ടീം
11 hours 40 Minutes Ago
1 min read
ireland

ഡബ്ലിൻ: കളിച്ചുകൊണ്ടിരിക്കെ ഇന്ത്യൻ വംശജയായ ആറുവയസുകാരി അയർലൻഡിൽ വംശീയാതിക്രമത്തിന് ഇരയായതായി റിപ്പോർട്ട്. കോട്ടയത്ത് നിന്ന് അയർലൻഡിലേക്ക് കുടിയേറിയ കുടുംബത്തിന്റെ ആറുവയസുകാരിയായ നിയ നവീൻ ആണ് ക്രൂരമായ വംശീയാക്രമണത്തിന് ഇരയായത്. കുട്ടി തെക്കുകിഴക്കൻ അയർലൻഡിലെ വാട്ടർഫോർഡ് സിറ്റിയിലെ വീടിന് പുറത്ത് സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് 12 വയസിനും 14നുമിടയിൽ പ്രായമുള്ള ഒരു കൂട്ടം കുട്ടികൾ ആക്രമിച്ചത്.

വൃത്തി കെട്ടവ​ളെ...ഇന്ത്യയിലേക്ക് മടങ്ങിപ്പോകൂ...എന്നാക്രോശിച്ചായിരുന്നു ആക്രമണം.സംഘം കുട്ടിയുടെ മുഖത്തടിച്ചതായും സൈക്കിൾ ഉപയോഗിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ വേദനിപ്പിച്ചതായും കഴുത്തിന് പിടിച്ച് തള്ളിയതായും മുടി പിടിച്ചു വലിച്ചതായും അമ്മ അനുപ അച്യുതൻ ഐറിഷ് മിററിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അയർലൻഡിൽ നഴ്സായി ജോലി ചെയ്യുകയാണ് അനുപ. ഭർത്താവിനൊപ്പം എട്ടുവർഷമായി അവിടെയെത്തിയിട്ട്. അടുത്തിടെ അവർക്ക് ഐറിഷ് പൗരത്വവും ലഭിച്ചു. അവരുടെ മക്കൾ ജനിച്ചത് അയർലൻഡിലാണ്. ജനുവരിയിൽ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. അയർലൻഡിലെത്തിയ ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള അനുഭവ​മുണ്ടാകുന്നതെന്നും അനുപ പറയുന്നു.

''വൈകീട്ട് 7.30 ആയിക്കാണും. നിയ വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവൾക്ക് പുറത്ത് പോയി കളിക്കണമായിരുന്നു. സൈക്കിൾ ചവിട്ടാനും ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചതോടെ അവൾ പുറത്തേക്കോടി ​പോയി. ഭർത്താവ് ജോലി സ്ഥലത്തായിരുന്നു. ആറുവയസും 10 മാസവും പ്രായമായ മക്കൾക്കൊപ്പം ഞാൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നിയ സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്ക് പോയി. വീടിന് മുന്നിലിരുന്ന് ഞാനവരെ ശ്രദ്ധിച്ചു​കൊണ്ടിരുന്നു. അവർ ഒരുമിച്ചു കളിക്കുകയായിരുന്നു. കുറച്ചവരെ നോക്കിനിന്ന ശേഷം മകനെ മുലയൂട്ടാൻ അകത്തേക്ക് പോയി. അൽപം കഴിഞ്ഞ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മകൾ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി. അവൾ ആകെ അസ്വസ്ഥയായിരുന്നു. ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. ആരെയോ ഭയക്കുന്നതു പോലെ തോന്നി. മകളെ ഇതിനു മുമ്പൊരിക്കലും ഇതുപോലെ കണ്ടിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് അവളുടെ സുഹൃത്തുക്കളോട് ചോദിച്ചു. അവരും പേടിച്ചരണ്ടിരിക്കുകയായിരുന്നു. ഒന്നും സംസാരിച്ചില്ല. അപ്പോഴാണ്. ആ കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയാണ് അവരേക്കാൾ മുതിർന്ന ഒരുസംഘം കുട്ടികൾ നിയയെ ഉപദ്രവിച്ചുവെന്നും ആക്ഷേപിച്ചുവെന്നുമൊക്കെ പറയുന്നത്''-അനുപ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories