Share this Article
News Malayalam 24x7
ഗവർണറുമായുള്ള തർക്കത്തിനിടെ മുഖ്യമന്ത്രി രാജ്ഭവനിൽ: 'രാജഹംസം' ത്രൈമാസിക പ്രകാശനം ചെയ്തു
Kerala CM Pinarayi Vijayan Attends Raj Bhavan Event Amidst Tussle with Governor

 രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിന്‍റെ ആദ്യ പതിപ്പിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ലേഖനത്തോടുള്ള വിയോജിപ്പ് ചടങ്ങിൽ തന്നെ മുഖ്യമന്ത്രി പരസ്യമാക്കി. സർക്കാർ ഗവർണർ പോര് തുടരുന്നതിനിടയിലാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ചടങ്ങിൽ ഭാരതാംബ ചിത്രം ഉണ്ടായിരുന്നില്ല.

ഭാരതാംബ വിഷയത്തിൽ ഉൾപ്പെടെ സർക്കാർ - ഗവർണർ പോര്, പല രീതിയിൽ തുടരുന്നതിനിടയിലാണ് മുഖ്യമന്ത്രി രാജ് ഭവനിലെത്തിയത്. രാജ്ഭവനിലെ ഏത് പരിപാടിയിലും ഭാരതാംബ ചിത്രമുണ്ടാകുമെന്ന് ഗവർണർ പറഞ്ഞിരുന്നെങ്കിലും ഇന്നത്തെ ചടങ്ങിൽ ചിത്രമുണ്ടായിരുന്നില്ല. ഗവർണറും മുഖ്യമന്ത്രിയും ചേർന്നാണ് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

രാജഹംസിന്‍റെ ആദ്യ പതിപ്പിലെ ലേഖനത്തിൽ ഗവർണറുടെ അധികാരങ്ങളും സർക്കാരിൻ്റെ അധികാരങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സർക്കാരിന് പിന്തുണക്കുന്നതോ അല്ലാത്തതുമായ ലേഖനങ്ങൾ മാസികയിൽ വരാമെന്നും അത്തരം അഭിപ്രായങ്ങൾ ലേഖകന്റേത് മാത്രമാണെന്നും മാസിക പ്രകാശനം ചെയ്ത് കൊണ്ടുള്ള പ്രസം​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വിരുദ്ധാഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തില്ലെന്നും ലേഖകൻ രേഖപ്പെടുത്തിയിരിക്കുന്നത് സർക്കാരിൻ്റെ അഭിപ്രായമല്ലെന്നും മുഖ്യമന്ത്രി.


മാസിക ശശി തരൂരിന് നൽകിക്കൊണ്ടാണ് മുഖ്യമന്ത്രി പ്രകാശന കർമം നിർവ്വഹിച്ചത്.രാജ്ഭവനുകളുടെ പേര് ലോക് ഭവൻ എന്ന് മാറ്റണമെന്ന പ്രസംഗത്തിലെ തരൂരിന്റെ ആവശ്യം താനും മുൻപ് രാഷ്ട്രപതി ഭവനിൽ ഉന്നയിച്ചിട്ടുള്ളതാണെന്നും തരൂർ അത് പറഞ്ഞതിൽ സന്തോഷമുണ്ടെന്നും ഗവർണർ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ വിമർശനങ്ങളിൽ മറുപടി പറയാതെയായിരുന്നു ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ പ്രസംഗം. മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ച് തരൂരിൽ നിന്ന് ചോദിച്ചു മനസ്സിലാക്കി എന്ന് മാത്രമാണ് ഗവർണർ പറഞ്ഞത്.

രാജഹംസിന്‍റെ പ്രകാശന ചടങ്ങ് സർക്കാർ ഗവർണർ പോരിന് പരിസമാപ്തി ആകുമായിരുന്നു എന്ന പ്രതീക്ഷ ഇല്ലാതാക്കുന്നതാണ് മുഖ്യമന്ത്രിയുടെ വിമർശനം. ചടങ്ങിൽ ക്ഷണം ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് പരിപാടിയിൽ പങ്കെടുത്തില്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories