കരുരില്‍ നടന്ന നടനും രാഷ്ട്രീയ നേതാവുമായ വിജയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിക്കുകയും 111 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഒന്നര വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ 9 കുട്ടികളും, 17 സ്ത്രീകളും, 13 പുരുഷന്മാരുമാണ് ഉള്ളത്. സംഭവത്തിൽ സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കരുരിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എം.കെ. സ്റ്റാലിനെ വിളിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. കേരള മുഖ്യമന്ത്രി പിണറായി വിജയനും സഹായം വാഗ്ദാനം ചെയ്തു.
വിജയുടെ സംസ്ഥാന പര്യടനത്തിനിടെയാണ് ദുരന്തമുണ്ടായത്. 10,000 മുതൽ 15,000 വരെ ആളുകൾക്ക് മാത്രം പ്രവേശനാനുമതിയുള്ള സ്ഥലത്ത് ഏകദേശം 50,000 പേർ തടിച്ചുകൂടി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സുരക്ഷാ വീഴ്ചയുണ്ടായതായും ആളുകൾക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കാതെ വന്നതായും റിപ്പോർട്ടുകളുണ്ട്. നേരത്തെയും വിജയുടെ റാലികളിൽ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വിമർശിച്ചിരുന്നു.
പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഇതുവരെ 38 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു സ്ത്രീയുടെ മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്. 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ടി.വി.കെ.യുടെ ജില്ലാ സെക്രട്ടറി മതി അഴകനെതിരെയാണ് നിലവിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജയിക്കെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ അന്വേഷണത്തിന് ശേഷം തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.