Share this Article
KERALAVISION TELEVISION AWARDS 2025
ഫെമ ചട്ടലംഘനം നടന്നു, തോമസ് ഐസകിനും മുഖ്യമന്ത്രിക്കും ഇഡി നോട്ടീസ്
ED Notice to Pinarayi Vijayan and Thomas Isaac

കിഫ്ബി മസാല ബോണ്ട് കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മസാല ബോണ്ട് ഇടപാടിൽ വിദേശ നാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും ഇ.ഡി നോട്ടിസ് അയച്ചു. ഇ.ഡിയിലെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയാണ് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുന്നത്.

മൂന്ന് വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ ഇ.ഡി കൊച്ചി യൂണിറ്റ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നോട്ടിസിന് 30 ദിവസത്തിനകം മറുപടി നൽകണം. നേരിട്ടോ അഭിഭാഷകൻ മുഖേനയോ മറുപടി നൽകാനുള്ള അവസരമുണ്ട്. കിഫ്ബി സി.ഇ.ഒയ്ക്കും നോട്ടിസ് നൽകിയിട്ടുണ്ട്.


2019-ൽ കിഫ്ബി വഴി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കി 2,150 കോടി രൂപ സമാഹരിച്ചതിൽ ഫെമ നിയമ ലംഘനം നടന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 9.23 ശതമാനം പലിശയ്ക്കാണ് അന്ന് പണം സമാഹരിച്ചത്. വിദേശ വിപണിയിൽ നിന്ന് സമാഹരിക്കുന്ന പണം (വിദേശ വാണിജ്യ വായ്പ) സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ഉപയോഗിക്കാൻ പാടില്ലെന്ന ചട്ടം ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ വായ്പ സ്വീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് സി.എ.ജി റിപ്പോർട്ടിലും പരാമർശിച്ചിരുന്നു.


തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രിക്കും എതിരെ ഇ.ഡി നീക്കം നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്ര അനുമതിയില്ലാതെയാണ് വായ്പ എടുത്തതെന്നുമുള്ള സി.എ.ജി റിപ്പോർട്ട് നേരത്തെ തോമസ് ഐസക് തള്ളിക്കളഞ്ഞിരുന്നു. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെ വിദേശ നാണ്യം വിനിയോഗിച്ചു എന്ന കണ്ടെത്തലിൽ ഉറച്ചുനിൽക്കുകയാണ് അന്വേഷണ സംഘം.


30 ദിവസത്തിനുള്ളിൽ നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും ഇ.ഡിയുടെ തുടർനടപടികൾ. മറുപടി തൃപ്തികരമല്ലെങ്കിൽ പിഴ ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories