 
                                 
                        തൃശൂരിലെ ഓട്ടോ ഡ്രൈവർമാരോടൊപ്പം സൗഹൃദം പങ്കിട്ട് സുരേഷ് ഗോപി. 'എസ് ജി കോഫീ ടൈം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഓട്ടോ ഡ്രൈവർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു. ജനങ്ങളുടെ അഭിപ്രായങ്ങളും തൃശൂരിന്റെ വികസനവും പരിപാടിയില്‍ സായാഹ്ന ചർച്ചയായി...
തൃശൂർ നാടുവിലാലിൽ വൈകിട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് താരം ഓട്ടോ ഡ്രൈവർമാരുമായി സൗഹൃദം പങ്കിട്ടത്. സുരേഷ് ഗോപിയുടെ വിജയത്തിനായി നേരത്തെ തന്നെ തൃശ്ശൂരിലെ ഓട്ടോ ഡ്രൈവർമാർ പ്രചരണം തുടങ്ങിയ പശ്ചാത്തലത്തിൽ കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. പൊതു ജനങ്ങളുമായി ഏറ്റവും കൂടുതൽ ഇടപെടുന്നവർ എന്ന നിലയിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് വികസനത്തെക്കുറിച്ചു ഏറെ പറയാനുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. പരിപാടിയിൽ തൃശൂരിന്റെ വികസനത്തെക്കുറിച്ചായിരുന്നു ചർച്ച. 
ഭാവിയുടെ 25 വർഷം സ്വപ്നം കാണും വിധമാകണം വികസന ചിന്തകളെന്നും തൃശൂരിന് ഒരു ജനകീയ മാസ്റ്റർ പ്ലാൻ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് ജി കോഫീ ടൈമിൽ ജനങ്ങളുടെ നിരവധി ആശങ്കകളും വികസന കാഴ്ചപ്പാടുകളുമാണ് താരത്തോടൊപ്പം പങ്കു വെച്ചത്. പരിപാടിയിൽ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ, ബിജെപി ദേശീയ സമിതി അംഗം എം എസ് സമ്പൂർണ, ബിജെപി നേതാക്കളായ രഘുനാഥ് സി മേനോൻ, വിപിൻകുമാർ തുടങ്ങിയവരും പങ്കെടുത്തു.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    