ധർമ്മസ്ഥല കൊലപാതക പരമ്പര കേസിൽ നിർണായക വഴിത്തിരിവ്. ക്ഷേത്രഭൂമിയായ ബാഹുബലി കുന്നിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരിശോധന നടത്തി. എന്നാൽ, അന്വേഷണ സംഘം എത്തുന്നതിന് മുൻപ് തന്നെ തെളിവുകൾ നശിപ്പിക്കാൻ വ്യാപകമായ ശ്രമം നടന്നതായി അഭിഭാഷകർ ഗുരുതര ആരോപണം ഉന്നയിച്ചു.
സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് പത്തടിയോളം ഉയരത്തിൽ മണ്ണും മറ്റ് വസ്തുക്കളും നിക്ഷേപിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ഇന്നലെ എസ്.ഐ.ടി സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഈ കണ്ടെത്തൽ. ഇത് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും രഹസ്യങ്ങൾ ചോർത്തുന്നുണ്ടെന്നും അഭിഭാഷകർ പറഞ്ഞു.
സംഭവസ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ക്ഷേത്രത്തിന് സമീപമുള്ള ബാഹുബലി കുന്നിൽ 70-ഓളം സ്ഥലങ്ങൾ പരിശോധനയ്ക്കായി അടയാളപ്പെടുത്തിയിരുന്നു. എന്നാൽ, ഇത്ര തിടുക്കത്തിൽ എസ്.ഐ.ടി. സംഘം ക്ഷേത്രഭൂമിയിൽ പ്രവേശിച്ചത് എന്തിനാണെന്നും, അന്വേഷണ വിവരങ്ങൾ ആസൂത്രിതമായി ചോർത്തി നൽകുന്നുണ്ടോ എന്നും അഭിഭാഷകർ സംശയം പ്രകടിപ്പിച്ചു.
അന്വേഷണ സംഘം എത്തുന്നതിന് മുൻപ് തന്നെ പ്രദേശത്ത് മണ്ണ് നിക്ഷേപിച്ചത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അഭിഭാഷകർ എസ്.ഐ.ടി സംഘത്തെ അറിയിച്ചു. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അവർ ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് നിലവിൽ കലുഷിതമായ സാഹചര്യമാണ് ധർമ്മസ്ഥലയിൽ നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും സമരങ്ങളും നടന്നിരുന്നു. അന്വേഷണം പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുമ്പോൾ, തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതായുള്ള പുതിയ ആരോപണങ്ങൾ കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരും പൊതുപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.