നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അന്തിമ വിധി പറയാൻ ഒരുങ്ങുന്നതിനിടെ കോടതിയിൽ പുതിയ ഹർജി. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ അമ്മയാണ് വിധി പ്രസ്താവത്തിന് തൊട്ടുമുമ്പായി കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. എറണാകുളം സെഷൻസ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നേരത്തെ പ്രതിയുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഈ നടപടി പിൻവലിക്കണമെന്നാണ് ആവശ്യം.
എട്ടു വർഷം നീണ്ട നിയമനടപടികൾക്കും വിചാരണയ്ക്കും ഒടുവിൽ ഇന്ന് കേസിൽ വിധി വരാനിരിക്കെയാണ് കോടതിയിൽ ഇത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. നടൻ ദിലീപ് (എട്ടാം പ്രതി) അടക്കം പത്തു പ്രതികളുള്ള കേസിൽ വിധി പ്രസ്താവത്തിനായി കാത്തിരിക്കുകയാണ് കേരളം. പൾസർ സുനിയുടെ അമ്മ നൽകിയ ഹർജി കോടതി എപ്പോൾ പരിഗണിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വരും മണിക്കൂറുകളിൽ ഇതിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.