ശബരിമല സ്വർണക്കവർച്ചാ കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കേസിൽ തന്നെ മാത്രം പ്രതിയാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പത്മകുമാർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്.
ബോർഡ് എടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ ഉത്തരവാദിയാകും എന്നാണ് ഹർജിയിലെ പ്രധാന ചോദ്യം. ബോർഡിന് തെറ്റുപറ്റിയാൽ അതിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ട്. അംഗങ്ങളെ അറിയാതെ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. എന്നാൽ തന്നെ മാത്രം പ്രതിയാക്കി വേട്ടയാടുകയാണെന്നും പത്മകുമാർ കോടതിയെ അറിയിക്കും.
ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശിയ കട്ടിളപ്പളികൾ കൈമാറിയതുമായി ബന്ധപ്പെട്ട രേഖകളിൽ ഉദ്യോഗസ്ഥർ 'പിച്ചള' എന്ന് എഴുതിയത് തിരുത്തി 'ചെമ്പ്' എന്നാക്കുക മാത്രമാണ് താൻ ചെയ്തത്. ഇത് മാത്രമാണ് തന്റെ ഇടപെടൽ എന്നും പത്മകുമാർ വാദിക്കുന്നു. ബോർഡിലെ മറ്റ് അംഗങ്ങളെ ഒഴിവാക്കി തന്നെ മാത്രം പ്രതിചേർത്ത നടപടിയിലെ അമർഷവും അദ്ദേഹം ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.