ന്യൂഡൽഹി: ഡൽഹിയെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 9 പേർ മരിച്ചതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.8 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്.വൈകുന്നേരം 6.52 ഓടെ, സാവധാനത്തിൽ നീങ്ങിയ ഒരു വാഹനം ചുവന്ന സിഗ്നലിൽ നിർത്തി. പിന്നീട് വാഹനത്തിൽ സ്ഫോടനമുണ്ടായി. തുടർന്ന് സമീപത്തുള്ള വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചുവെന്നാണ് ഡൽഹി പൊലീസ് കമ്മീഷണർ അറിയിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രി സന്ദർശിച്ചു.സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴത്തിലുള്ള ദുഃഖം പ്രകടിപ്പിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കിയ മോദി അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും വിവരിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാർത്ഥനയും പ്രധാനമന്ത്രി പങ്കുവച്ചു. സ്ഫോടന ബാധിതർക്ക് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ച് സാഹചര്യം വിലയിരുത്തിയെന്നും മോദി പറഞ്ഞു.
വൈകുന്നേരം കാറിനടുത്തുണ്ടായ സ്ഫോടന സ്ഥലത്തിന് അടുത്ത് നിന്ന് ഒരു ലൈവ് ബുള്ളറ്റ് കണ്ടെത്തി. ദേശീയ അന്വേഷണ ഏജൻസിയും ദേശീയ സുരക്ഷാ ഗാർഡും സ്ഫോടനം നടന്ന സ്ഥലത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ദിവസവും ആയിരക്കണക്കിന് സന്ദർശകർ എത്തുന്ന ഓൾഡ് ഡൽഹിയിലെ തിരക്കേറിയ പ്രദേശത്താണ് ചെങ്കോട്ട സ്ഥിതി ചെയ്യുന്നത്.
ഡൽഹി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി രവതാ ചന്ദ്രശേഖർ പൊലീസിനു നിർദേശം നൽകി.ജനബാഹുല്യം കൂടുതലുള്ള റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഏതെങ്കിലും വസ്തുകളോ സാധനങ്ങളോ കാണുന്ന പക്ഷം 112 ൽ അറിയിക്കേണ്ടതാണെന്നും ഡിജിപി അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളിലും നഗരങ്ങളിലും പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്.