സുപ്രീം കോടതിയിലും ഹൈക്കോടതികളിലും കൂടുതൽ വനിതാ ജഡ്ജിമാരെ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു.2021-ന് ശേഷം സുപ്രീം കോടതിയിൽ ഒരു വനിതാ ജഡ്ജിയെ പോലും നിയമിച്ചിട്ടില്ലെന്നും, നിലവിൽ സുപ്രീം കോടതിയിലെ 34 ജഡ്ജിമാരിൽ ഒരാൾ മാത്രമാണ് വനിതയെന്നും സുപ്രീം കോടതി ബാർ അസോസിയേഷൻ (SCBA) ചൂണ്ടിക്കാട്ടി. ഹൈക്കോടതികളിലും വനിതാ ജഡ്ജിമാരുടെ എണ്ണം കുറവാണെന്ന് അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. 670 ഹൈക്കോടതി ജഡ്ജിമാരിൽ 103 പേർ മാത്രമാണ് വനിതകൾ.
ഉത്തരാഖണ്ഡ്, ത്രിപുര, മേഘാലയ, മണിപ്പൂർ ഹൈക്കോടതികളിൽ വനിതാ ജഡ്ജിമാരില്ല എന്നതും അസോസിയേഷൻ എടുത്തുപറഞ്ഞു. ഈ സാഹചര്യത്തിൽ കൂടുതൽ വനിതാ ജഡ്ജിമാരെ ഉൾപ്പെടുത്താൻ ശ്രമിക്കണമെന്ന് കൊളീജിയത്തോട് SCBA ആവശ്യപ്പെട്ടു.
തുടർച്ചയായ മൂന്നാം വർഷമാണ് സുപ്രീം കോടതിയിൽ ഒരു വനിതാ ജഡ്ജിയെപ്പോലും നിയമിക്കാത്തത്. ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും വനിതാ ജഡ്ജിമാരുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ SCBA സർക്കാരിനോട് അഭ്യർത്ഥിച്ചു.