യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ ഹിരൺ ദാസ് മുരളി എന്ന വേടനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നുവെന്ന സൂചനയെ തുടർന്നാണ് നടപടി. കേസ് രജിസ്റ്റർ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും വേടനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
കൊച്ചി സ്വദേശിയായ യുവ ഡോക്ടറുടെ പരാതിയിലാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്. 2021 ഓഗസ്റ്റ് മുതൽ 2023 വരെ വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെയും തൃശ്ശൂരിലെയും വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.
വേടൻ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ വീട്, ഓഫീസ്, സുഹൃത്തുക്കളുടെ ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ, വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹർജി ഈ മാസം 18-ന് കോടതി പരിഗണിക്കും.
പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലും വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതോടെ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. കേസിനെ തുടർന്ന് ഈ മാസം 9-ന് ബോൾഗാട്ടി പാലസിൽ നടക്കാനിരുന്ന വേടന്റെ സംഗീത പരിപാടി റദ്ദാക്കിയിരുന്നു. അതേസമയം, കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്റെ കുടുംബം നേരത്തെ പ്രതികരിച്ചിരുന്നു.