നാഗ്പൂർ: ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് യുവാവ് 80 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. ഇടിച്ചിട്ട വാഹനം നിർത്താതെ പോവുകയും, ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ ആരും സഹായിക്കാനുമില്ലാതെ മണിക്കൂറുകൾ കഴിഞ്ഞപ്പോഴായിരുന്നു യുവാവ് സ്വന്തം ബൈക്കിന് പിന്നിൽ ഭാര്യയുടെ ജീവനറ്റ ശരീരം കെട്ടിവെച്ച് കിലോമീറ്ററുകളോളം യാത്ര’ നടത്തിയത്.
നാഗ്പൂർ -മധ്യപ്രദേശ് ഹൈവേയിൽ ദിയോലപാറിൽ ഞായറാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.മധ്യപ്രദേശുകാരനായ അമിത് ബുംറ യാദവ് എന്ന 36കാരനാണ്, ഭാര്യ ഗ്യാർഷി യാദവിന്റെ (35) മൃതദേഹവുമായി ഉള്ളിൽ നിറഞ്ഞ കരച്ചിലുമായി ബൈക്കിൽ 80 കിലോമീറ്റർ ദൂരം ബൈക്ക് ഓടിക്കേണ്ടി വന്നത്.
പൊലീസ് പറയുന്നത് ഞായറാഴ്ച ഉച്ച 2.30നും മൂന്നിനു മിടയിൽ ദേശീയ പാതയിൽ ഇവർ സഞ്ചരിച്ച ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ചു കടന്നു കളഞ്ഞു. ഭാര്യ ഗ്യാർഷി സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെടുകയും, അമിതിന് പരിക്കേൽക്കുകയും ചെയ്തു. അപകടസമയത്ത് കനത്ത മഴയുമുണ്ടായിരുന്നു. ഭാര്യയുടെ മൃതദേഹവുമായി റോഡരികിൽ നിന്ന് അമിത് നിരവധിപേരോട് സഹായമഭ്യർത്ഥിച്ചുവെങ്കിലും ആരും വാഹനം നിർത്തി സഹായിക്കാൻ തയ്യാറായില്ല. ഇതോടെയാണ് ഭാര്യയുടെ മൃതദേഹം തന്റെ ബൈക്കിന്റെ പിറകിൽ തുണിയും കയറും ഉപയോഗിച്ച് ബന്ധിപ്പിച്ച് യാത്രചെയ്യാൻ ഇയാൾ തീരുമാനിച്ചത്. 80 കിലോമീറ്ററോളം പിന്നിട്ട ശേഷമാണ് ബൈക്കിൽ മൃതദേഹം വഹിച്ചുള്ള യാത്ര ഹൈവെപൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. പിന്തുടർന്ന പൊലീസ് ബൈക്ക് നിർത്താൻ ആവശ്യപ്പെടുന്നുവെങ്കിലും ഇയാൾ ഓട്ടം തുടരുന്നത് വീഡിയോയിൽ വ്യക്തമാണ്. തുടർന്ന്, പൊലീസിന്റെയും നഗര അധികാരികളുടെയും സഹായത്തോടെ വഴിയിൽ തടഞ്ഞശേഷം, മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഫലം പുറത്തു വന്ന ശേഷം അന്വേഷണം ആരംഭിക്കുമെന്ന് റൂറൽ എസ്.പി ഹർഷ് പൊഡാർ അറിയിച്ചു.