തിരുവനന്തപുരം: കർശന സുരക്ഷാ നിയന്ത്രണങ്ങളുള്ള തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അത്യാധുനിക 'മെറ്റാ സ്മാർട്ട് ഗ്ലാസ്' ധരിച്ച് പ്രവേശിച്ച ശ്രീലങ്കൻ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണട ധരിച്ചു നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ തടഞ്ഞത്. തുടർന്ന് ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പുറത്തിറക്കിയ ഈ സ്മാർട്ട് ഗ്ലാസ് കാഴ്ചയിൽ സാധാരണ കണ്ണട പോലെയാണെങ്കിലും ഇതിൽ ക്യാമറയും മൈക്രോഫോണും ഘടിപ്പിച്ചിട്ടുണ്ട്. പുറമെനിന്നുള്ളവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ഫോട്ടോകളും വീഡിയോകളും പകർത്താൻ ഈ ഗ്ലാസിലൂടെ സാധിക്കും. സ്മാർട്ട് ഫോൺ സ്‌ക്രീനിലേതു പോലെ സന്ദേശങ്ങളും ചിത്രങ്ങളും കാണാൻ കഴിയുന്ന എ.ഐ (AI) സാങ്കേതികവിദ്യയും ഇതിലുണ്ട്.
ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോണിനും ക്യാമറകൾക്കും നിരോധനമുള്ളതിനാലാണ് ഈ സ്മാർട്ട് ഉപകരണം സുരക്ഷാഭീഷണിയായി കണക്കാക്കുന്നത്. മാസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ സ്മാർട്ട് ഗ്ലാസ് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച ഗുജറാത്ത് സ്വദേശിയെയും പൊലീസ് പിടികൂടിയിരുന്നു.