ശബരിമല സ്വർണ്ണ കവച കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) രണ്ടാമത്തെ ഇടക്കാല റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി അനുവദിച്ച ആറാഴ്ച സമയപരിധിക്ക് ഉള്ളിലാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. കൂടുതൽ ഉന്നതരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ടെന്നും, ഇതിനായി കൂടുതൽ സമയം ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി നേരത്തെ വിലയിരുത്തിയിരുന്നു. കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വാസുവിനെ ചോദ്യം ചെയ്തത്. വാസുവിനെ ഇനിയും ചോദ്യം ചെയ്യുമെന്നും SIT വ്യക്തമാക്കി. 2019-ൽ ചെമ്പ് പാളികൾ എന്ന റിപ്പോർട്ട് എൻ. വാസുവിന്റെ അറിവോടെയാണെന്ന് SIT കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ശബരിമല മുൻ ദേവസ്വം ബോർഡ് സെക്രട്ടറി ജെ. ശ്രീ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇത് അന്വേഷണത്തിന് കൂടുതൽ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തൽ. റിമാൻഡിൽ കഴിയുന്ന സുധീഷ് കുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ ചോദ്യം ചെയ്യലുകൾ പുരോഗമിക്കുന്നത്.