യെമനിലെ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിന്
ഇടപെടാൻ തയ്യാറാണെന്ന സൗദിയിലെ പ്രമുഖ മലയാളി വ്യവസായി ജേക്കബ് ചെറുവളളിലിൻ്റെ നീക്കത്തിന് അനുകൂല പ്രതികരണവുമായി റിയാദ് എംബസി. നിലവില്‍ യെമനിലെ നയതന്ത്രകാര്യങ്ങള്‍ നോക്കുന്നത് റിയാദ് എംബസിയാണ്. ഇന്ത്യക്ക് യെമനില്‍ എംബസിയില്ലാത്തതിനാല്‍ പല സുപ്രധാന കാര്യങ്ങളിലും യെമൻ - ഇന്ത്യ നയതന്ത്ര ചര്‍ച്ചകൾക്ക് മുന്‍കൈയെടുക്കുന്നത് സൗദിയില്‍ 46 വര്‍ഷത്തിലധികമായി വിമാനത്താവള-തുറമുഖ നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജേക്കബ് ചെറുവള്ളിലാണ്.
ഇന്ത്യൻ എംബസിയില്ലാത്ത യെമനില്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ നിയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ജേക്കബ് ചെറുവള്ളിലിൻ്റെ നയതന്ത്രസഹായം യെമൻ സ്വീകരിക്കുന്നുമുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിക്കിട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് യെമനിലെ കാര്യങ്ങള്‍ നോക്കുന്ന റിയാദ് എംബസിയിലെ ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചതായി ജേക്കബ് ചെറുവള്ളില്‍ പറഞ്ഞു. പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന ജേക്കബ് ചെറുവള്ളിലിൻ്റെ വെളിപ്പെടുത്തല്‍ ഇന്നലെ കേരളവിഷന്‍ ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെയാണ് റിയാദിലെ എംബസി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടതെന്ന് ജേക്കബ് ചെറുവള്ളില്‍ പറഞ്ഞു.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കണമെന്ന കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള അപേക്ഷയുടെ രേഖകള്‍ വൈകാതെ തങ്ങൾക്ക് ലഭിക്കുമെന്ന് റിയാദ് എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. അതിനുശേഷം ചര്‍ച്ചകള്‍ നടത്താനാണ് നീക്കമെന്ന് ജേക്കബ് ചെറുവള്ളില്‍ കേരളവിഷന്‍ ന്യൂസിനോട് പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിനായുള്ള കര്‍മ്മസമിതിയുടെ സാരഥിയായ സുപ്രീം കോടതി അഭിഭാഷകൻ, തന്നെ ബന്ധപ്പെട്ടതായും ജേക്കബ് ചെറുവള്ളില്‍ പറഞ്ഞു.